കൃഷ്ണനും ഹനുമാനുമാണ് ലോകം കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞരെന്ന് വിദേശകാര്യ മന്ത്രി; പാകിസ്ഥാന് രൂക്ഷ വിമർശനം

Sunday 29 January 2023 4:47 PM IST

ന്യൂഡൽഹി: ലോകം കണ്ട ഏറ്റവും വലിയ നയതന്ത്രജ്ഞർ കൃഷ്ണനും ഹനുമാനുമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. 'ദ ഇന്ത്യ വേ സ്ട്രാറ്റജീസ് ഫോർ ആൻ അൺസെർട്ടൻ വേൾഡ് എന്ന പുസ്തകത്തിന്റെ മറാത്തി പരിഭാഷയുടെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഹനുമാൻ നയതന്ത്രത്തിനും അപ്പുറം പോയ വ്യക്തിയാണ്. തന്നെ ഏൽപിച്ച ദൗത്യം കടന്നു, സീതയെ കണ്ടു ലങ്കയും കത്തിച്ചു. തന്ത്രപ്രധാനമായ ക്ഷമയിൽ കൃഷ്ണനാണ് ഏറ്റവും വലിയ മാതൃകയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ശിശുപാലന്റെ നൂറു തെറ്റുകൾ ക്ഷമിക്കുമെന്ന് കൃഷ്ണൻ വാക്ക് നൽകി. നൂറെണ്ണമായാൽ ശിശുപാലനെ വധിക്കും. അത് നല്ല തീരുമാനങ്ങള്‍ എടുക്കുന്നവര്‍ക്കുണ്ടായിരിക്കേണ്ട ധാര്‍മ്മിക ഗുണമാണെന്ന് മന്ത്രി കൂട്ടിച്ചേ‌ർത്തു.

അതേസമയം, ജയശങ്കർ പാകിസ്ഥാനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഭീകരത ഇല്ലാതാക്കുന്നതിൽ പാകിസ്ഥാൻ കാര്യക്ഷമമല്ലെന്നും അതിനുള്ള തിരിച്ചടി ആഗോളതലത്തിൽ നിന്നും ഇതിനോടകം ലഭിച്ചുകഴിഞ്ഞെന്നും ജയശങ്കർ വ്യക്തമാക്കി. പ്രതിസന്ധികളുണ്ടാകുന്ന സമയത്ത് മറ്റ് രാജ്യങ്ങൾ സഹായിക്കണമെങ്കിൽ ആദ്യം സ്വയം തിരഞ്ഞെടുക്കുന്ന വഴികൾ നന്നാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement