ഫഹദ് കന്നടയിൽ; ചിത്രം ബഗീര

Monday 30 January 2023 12:19 AM IST

നിർമ്മാണം ഹൊംബാലെ ഫിലിംസ്

ഫഹദ് ഫാസിൽ കന്നടയിലേക്ക്. ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന ബഗീര എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിലിന്റെ കന്നട അരങ്ങേറ്റം. കെ.ജി.എഫ് സംവിധായകൻ പ്രശാന്ത് നീൽ ആണ് തിരക്കഥ. കെ.ജി.എഫ് നിർമ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് നിർമ്മാണം. സി.ബി.ഐ ഉദ്യോഗസ്ഥന്റെ വേഷമാണ് ഫഹദിന്. ശ്രീഹരി അവതരിപ്പിക്കുന്ന നായക കഥാപാത്രവും സി.ബി.ഐ ഉദ്യോഗസ്ഥനാണ്. പാൻ ഇന്ത്യൻ ചിത്രമായാണ് ബഗീര ഒരുങ്ങുന്നത്. ഹൊംബാലെ ഫിലിംസ് നിർമ്മിക്കുന്ന മലയാള ചിത്രം ധൂമത്തിലും ഫഹദ് ഫാസിൽ ആണ് നായകൻ. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ അടുത്ത മാസം കൊച്ചിയിൽ ആരംഭിക്കും. ധൂമത്തിൽ ഫഹദ് തന്റെ രംഗങ്ങൾ പൂർത്തിയാക്കി. അപർണ ബാലമുരളിയാണ് നായിക. റോഷൻ മാത്യു ആണ് മറ്റൊരു താരം. യു ടേൺ, ലൂസിയ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പവൻകുമാർ ആണ് സംവിധാനം. ഛായാഗ്രഹണം പ്രീത ജയരാമൻ. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ ധൂമം റിലീസ് ചെയ്യുന്നുണ്ട്. അതേസമയം മലയാളത്തിൽ പാച്ചുവും അത്ഭുതവിളക്കുമാണ് ഫഹദിന്റെ പുതിയ ചിത്രം. നവാഗതനായ അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ പുതുമുഖം അഞ്ജന ജയപ്രകാശ് ആണ് നായിക. ഫുൾ മൂൺ സിനിമാസിന്റെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് നിർമ്മാണം.