കാശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം പലതവണ നൽകി, ബി ബി സി കോൺഗ്രസിന് പറ്റിയ കൂട്ട്, വീണ്ടും വിമർശനവുമായി അനിൽ ആന്റണി

Sunday 29 January 2023 7:15 PM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബി.ബി.സിയുടെ ഡോക്യുമെന്ററി വിവാദത്തിൽ കോൺഗ്രസിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി അനിൽ ആന്റണി. നേരത്തെയും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്ത മാദ്ധ്യമമാണ് ബി.ബി.സി. ജമ്മു കാശ്മീർ ഇല്ലാത്ത ഭൂപടം ബി.ബി.സി പലതവണ നൽകിയിട്ടുണ്ട്. നിക്ഷിപ്ത താത്പര്യങ്ങളില്ലാത്ത സ്വതന്ത്ര മാദ്ധ്യമമായ ബി.ബി.സി നിലവിൽ കോൺഗ്രസിനും കൂട്ടർക്കും പറ്റിയ സഖ്യകക്ഷിയാണെന്ന് അനിൽ ആന്റണി ട്വീറ്റിൽ പരിഹസിച്ചു. കാശ്മീരിന്റെ ചിത്രമില്ലാതെ ബി.ബി.സി മുൻപ് പുറത്തുവിട്ട ഇന്ത്യയുടെ ഭൂപടങ്ങളുടെ സ്ക്രീൻ ഷോട്ടും ട്വീറ്റിനൊപ്പം അനിൽ ആന്റണി പങ്കു വച്ചിട്ടുണ്ട്. എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ്, വക്താവ് സുപ്രിയ ശ്രീനാഥെ എന്നിവരെ ടാഗ് ചെയ്താണ് ട്വീറ്റ്.

മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മകനായ അനിൽ ആന്റണി ബി,ബി.സി ഡോക്യുമെന്ററി നിരോധിച്ച കേന്ദ്രസർക്കാർ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കോൺഗ്രസ് ദേശീയതലത്തിൽ തന്നെ ഡോക്യുമെന്ററിയെ പിന്തുണയ്ക്കുമ്പോഴായിരുന്നു അനിൽ ആന്റണിയുടെ നിലപാട് വിമർശനത്തിനിടയാക്കിയത്.

ബി.ബി.സി ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബി.ബി.സിയുടെ വീക്ഷണത്തിന് മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നുമായിരുന്നു അനിൽ ആന്റണിയുടെ ട്വീറ്റ്. ഇതിനെതിരെ വ്യാപക വിമർശനമുയർന്നതോടെ കെ.പി.സി,സി ഡിജിറ്റൽ മീഡിയ കൺനീനർ, എ.ഐ.സി.സി സോഷ്യൽ മീഡിയ നാഷണൽ കോഓർഡിനേറ്റർ സ്ഥാനങ്ങൾ അനിൽ രാജിവച്ചിരുന്നു.