ദേശീയപതാകയേക്കാൾ ഉയർന്ന് രാഹുൽ ഗാന്ധിയുടെ കട്ടൗട്ട്; നേതാവാണോ വലുതെന്ന് വിമർശനം, കോൺഗ്രസ് വിവാദത്തിൽ
ശ്രീനഗർ: ഭാരത് ജോഡോ പദയാത്രയുടെ സമാപനദിനത്തിൽ രാഹുൽ ഗാന്ധിയ്ക്കെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ. ഇന്ന് ഉച്ചയ്ക്ക് ശ്രീനഗറിലെ ലാൽചൗക്കിൽ രാഹുൽ ഗാന്ധി ദേശീയപതാക ഉയർത്തിയിരുന്നു. ഇതിന്രെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദത്തിന് തുടക്കമായത്. പതാക ഉയർത്തിയ സ്ഥലത്ത് ദേശീയപതാകയേക്കാൾ തലപ്പൊക്കത്തിൽ രാഹുൽ ഗാന്ധിയുടെ കട്ടൗട്ട് സ്ഥാപിച്ചതാണ് വിമർശനങ്ങൾക്ക് ആധാരം.
രാജ്യത്തിന്റെ ദേശീയ പതാകയേക്കാൾ കോൺഗ്രസിന് വലുത് രാഹുൽ ഗാന്ധിയാണെന്നതടക്കം സംഭവത്തിന്റ ചിത്രങ്ങൾ ട്വിറ്റർ അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിലൂടെ നിരവധിപേർ പങ്കുവെച്ചിട്ടുണ്ട്.
A Cut-Out Bigger than Flag. Says Everything 🙏🙏🙏 https://t.co/Xve2xJxsQB pic.twitter.com/Wsc5HfAWOE
— Varadraj Adya (@varadadya) January 29, 2023
അതേസമയം കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് പുതുജീവൻ പകർന്നുകൊണ്ട് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര ഇന്ന് ലക്ഷ്യം പൂർത്തിയാക്കി. ശ്രീനഗറിലെ പന്ത ചൗക്കിൽ നിന്ന് ലാൽ ചൗക്കിലേക്കായിരുന്നു ഇന്നത്തെ യാത്ര. ലാൽ ചൗക്കിൽ പതാക ഉയർത്തിയതോടെ പദയാത്രയ്ക്ക് സമാപനം കുറിച്ചു. നാളെ ഷെർ ഇകാശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം നിശ്ചയിച്ചിട്ടുള്ളത്. ബി ജെ പിയെ എതിർക്കുന്ന പ്രധാന രാഷ്ട്രീയ പാർട്ടികളെ അണിനിരത്താനാണ് കോൺഗ്രസ് തീരുമാനം. എന്നാൽ സി പി എമ്മും, തൃണമൂൽ കോൺഗ്രസും പരിപാടിയിൽ പങ്കെടുക്കില്ല.