ഉത്സവകാലത്ത് സാധനങ്ങൾ വിലകുറച്ച് നൽകുന്നതല്ല ആസൂത്രണം; ടൂറിസം ആരോഗ്യ വകുപ്പുകൾക്കെതിരെ വിമർശനവുമായി ജി സുധാകരൻ

Sunday 29 January 2023 8:56 PM IST

തിരുവനന്തപുരം: ടൂറിസം, ആരോഗ്യ വകുപ്പുകളുടെ പ്രവർത്തനത്തിൽ വിമർശനവുമായി മുൻമന്ത്രി ജി സുധാകരൻ. ആരോഗ്യ മേഖലയിൽ അശ്രദ്ധയും അവഗണനയുമാണ് കണ്ടുവരുന്നതെന്നും മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലെന്നും സിപിഎം നേതാവ് കുറ്റപ്പെടുത്തി. ആലപ്പുഴ മെഡിക്കൽ കോളേജിന്റെ വികസനം എവിടെയും എത്തിയില്ലെന്നും ഡോക്ടർമാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും ജി സുധാകരൻ ആരോപിച്ചു. ആലപ്പുഴ സൗഹൃദവേദി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഓണത്തിനും വിഷുവിനും സാധനങ്ങൾ വിലകുറച്ച് നൽകുന്നതല്ല ആസൂത്രണം. ആരോഗ്യ സംരക്ഷണത്തിനായി മാനദണ്ഡങ്ങൾ പാലിക്കണം. പരിഷ്കാരങ്ങൾ നടപ്പിലാക്കണം അദ്ദേഹം പറഞ്ഞു. ആലപ്പുഴയിലെ കനാലുകളുടെയും തോടുകളുടെയും ശോചനീയാവസ്ഥയെക്കുറിച്ച് സൂചിപ്പിച്ച ജി സുധാകരൻ ജില്ലാ ടൂറിസം പ്രമോഷനിൽ അഴിമതിയുടെ അയ്യരുകളിയാണ് നടക്കുന്നതെന്നും കുറ്റപ്പെടുത്തി. ചെറുപ്പക്കാർക്കിടയിലെ ലഹരി ഉപഭോഗത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ കെ ബി ഗണേഷ്കുമാർ എംഎൽഎയും എൽഡിഎഫ് സർക്കാരിന് കീഴിലെ വകുപ്പുകളുടെ അനാസ്ഥയെക്കുറിച്ച് വിമർശനമുന്നയിച്ചിരുന്നു. മന്ത്രിമാരുടെ പ്രവർത്തനം പോരെന്നും പല വകുപ്പുകളിലും പ്രഖ്യാപനങ്ങൾ മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം ഇടത് നിയമസഭാ കക്ഷിയോഗത്തിനിടയിൽ വിമർശനമുന്നയിച്ചു.നിലവിലെ സാഹചര്യത്തിൽ എംഎൽഎമാർക്ക് നാട്ടിൽ നിൽക്കാനാകാത്ത സ്ഥിതിവിശേഷമാണുള്ളതെന്നും ഇത്തരത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞിരുന്നു. അടുത്ത ബഡ്ജറ്റിലെങ്കിലും ഇത്തരം വിഷയങ്ങൾക്ക് പരിഹാരം കാണണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.