വാഹനപരിശോധനയ്ക്കിടെ നിറുത്താതെ പാഞ്ഞ് ബൈക്ക് യാത്രികൻ,​ തടയാൻ ശ്രമിച്ച എസ്ഐയെ ഇടിച്ചുതെറിപ്പിച്ചു

Sunday 29 January 2023 9:19 PM IST

കൊച്ചി: ഫോർട്ട് കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെ എസ്,​ഐയെ ഇടിച്ചുതെറിപ്പ്ച്ച് ബൈക്ക് യാത്രികൻ,​ ഇന്നലെ രാത്രി നടന്ന വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. അപകടത്തിൽ എസ്.ഐ സന്തോഷിന് പരിക്കേറ്റു. ഇടിച്ചതിന് ശേഷം വാഹനം നിറുത്താതെ പോകുകയായിരുന്നു. പൊലീസിനെ കണ്ട് ബൈക്ക് അമിതവേഗതയിൽ ഓടിക്കുകയായിരുന്നു,​ തടഞ്ഞു നിറുത്താനുള്ള ശ്രമത്തിനിടെ ബൈക്ക് ഇടിച്ച് എസ്.ഐ സന്തോഷ് നിലത്തുവീണു. എസ്. ഐയുടെ കൈയ്ക്ക് പൊട്ടലുണ്ട്,​ ബൈക്ക് ഓടിച്ച ആളിനെയും പിറകിലിരുന്ന ആളെയും കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി,​ സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

അതേസമയം തലസ്ഥാന ജില്ലയിൽ കോവളത്ത് ബൈക്ക് റൈസിംഗിനിടെ ബൈക്കിടിച്ച് വഴിയാത്രക്കാരിയും വാഹനമോടിച്ചിരുന്ന യുവാവും മരിച്ചു. വാഴമുട്ടം സ്വദേശിനി സന്ധ്യ (55)​യും പട്ടം പൊട്ടക്കുഴി സ്വദേശി അരവിന്ദുമാണ് (24) മരിച്ചത്. അപകടത്തിൽ കഴുത്ത് ഒടിഞ്ഞ് സാരമായി പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇൻസ്റ്റാഗ്രാമിൽ റീൽസ് ഇടുന്നതിനായി റേസിംഗ് ഷൂട്ട് ചെയ്യുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. സന്ധ്യ റോഡ് മുറിച്ചുകടക്കവെയാണ് അപകടമുണ്ടായത്. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.ഇടിയുടെ ആഘാതത്തിൽ ഇരുവരും മീറ്ററുകളോളം ദൂരത്തേയ്ക്ക് തെറിച്ചുവീണിരുന്നു. സന്ധ്യ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. അരവിന്ദിനെ റോഡരികിലെ ഓടയിൽ നിന്നാണ് നാട്ടുകാർ കണ്ടെത്തിയത്.