കഠിനംകുളത്ത് ബോംബേറ് കേസ് പ്രതി ഉൾപ്പെടെ ഗുണ്ടാസംഘം പിടിയിൽ
തിരുവനന്തപുരം: ബോംബേറുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ഗുണ്ടാസംഘം ആക്രമണം ആസൂത്രണം ചെയ്യുന്നതിനിടെ ഒളിത്താവളത്തിൽ നിന്ന് ആയുധങ്ങളുമായി കഠിനംകുളം പൊലീസിന്റെ പിടിയിലായി. തുമ്പ സ്വദേശി ലിയോൺ ജോൺസൺ,കുളത്തൂർ സ്റ്റേഷൻകടവ് സ്വദേശി അഖിൽ,കഴക്കൂട്ടം സ്വദേശി വിജീഷ് എന്നിവരാണ് പിടിയിലായത്.
വെട്ടുകത്തി,വടിവാൾ,മഴു തുടങ്ങിയ ആയുധങ്ങൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു.
കഴിഞ്ഞവർഷം തുമ്പയിൽ യുവാവിന്റെ കാൽ ബോംബെറിഞ്ഞ് തകർത്ത കേസിലെ പ്രതികളാണ് മൂവരും. ഗുണ്ടാആക്ട് പ്രകാരം ജയിൽ ശിക്ഷയിലായിരുന്ന ലിയോൺ ജോൺസൺ നാലുദിവസം മുമ്പാണ് പുറത്തിറങ്ങിയത്. ഇയാൾക്കെതിരെ 28 കേസുകളുണ്ട്. പിടിയിലായ മറ്റുള്ളവർക്കെതിരെ കഴക്കൂട്ടം,തുമ്പ,പേട്ട,അയിരൂർ,മംഗലപുരം സ്റ്റേഷനുകളിലും കേസുകളുണ്ട്. കഠിനംകുളം തുരുത്തിലെ ഒരു വീട്ടിൽ അടുത്ത ആക്രമണത്തിന് പദ്ധതിയിടുമ്പോഴാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ പൊലീസ് ഇവരെ പിടികൂടിയത്.
കഠിനംകുളത്തെ ബാറിന് മുമ്പിൽ ശാന്തിപുരം സ്വദേശി മഹേഷിനെ വെട്ടിപ്പരിക്കേല്പിച്ച കേസിലെ പ്രതി സാബു സിൽവയെയും പൊലീസ് പിടികൂടി. പുലർച്ചെ ഒളിത്താവളത്തിൽ നിന്ന് ഓടി രക്ഷപെട്ട സാബുവിനെ പിടികൂടാൻ ശ്രമിക്കുമ്പോൾ പൊലീസിനെ കത്തികൊണ്ട് ആക്രമിച്ചു. രണ്ടു പൊലീസുകാർക്ക് നിസാര പരിക്കുണ്ട്. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ റിയൽ എസ്റ്റേറ്റ് കച്ചവടങ്ങളിൽ താത്പര്യപ്പെട്ട് ഗുണ്ടാ സംഘങ്ങൾ സജീവമാകുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
അതേസമയം പാറ്റൂരിലെ ഗുണ്ടാ ആക്രമണം നടന്ന് മൂന്നാഴ്‌ച കഴിഞ്ഞിട്ടും മുഖ്യപ്രതി ഓംപ്രകാശിനെയും മെഡിക്കൽ കോളേജ് പരിസരത്ത് ആംബുലൻസ് ഡ്രൈവറെ കത്തികാട്ടി വിരട്ടിയ കേസിൽ പുത്തൻപാലം രാജേഷിനെയും ഇതുവരെ പിടികൂടാനായിട്ടില്ല.