വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി ബൈക്ക് യാത്രികർ കടന്നു

Monday 30 January 2023 2:52 AM IST

ഫോർട്ടുകൊച്ചി: വാഹന പരിശോധന നടത്തുകയായിരുന്ന എസ്.ഐയെ ഇടിച്ചുവീഴ്ത്തി ബൈക്ക് യാത്രക്കാർ രക്ഷപ്പെട്ടു. ഫോർട്ട്കൊച്ചി എസ്.ഐ എം.സന്തോഷ്മോന്റെ ഇടതു കൈയിലെ എല്ലൊടിയുകയും മുഖത്ത് പരിക്കേൽക്കുകയും ചെയ്തു. ഫോർട്ടുകൊച്ചി മാന്ത്രയിൽ ശനിയാഴ്ച രാത്രി 11.15 നാണ് സംഭവം.

പൊലീസ് കോമ്പിംഗിന്റെ ഭാഗമായി രാത്രി 9.30 മുതൽ 12.30 വരെ ഫോർട്ട്കൊച്ചി പള്ളത്ത് രാമൻ മൈതാനത്തിന് സമീപവും മാന്ത്രയിൽ നിന്ന് എസ്.എസ്. കൃഷ്ണൻ റോഡിലേക്ക് തിരിയുന്ന ഭാഗത്തും രണ്ട് ടീമുകളായി പൊലീസിന്റെ വാഹന പരിശോധനയുണ്ടായിരുന്നു.

പാണ്ടിക്കുടിയിൽ നിന്ന് അമിത വേഗത്തിൽ ഇരുചക്ര വാഹനത്തിൽ വന്ന രണ്ട് പേർ പള്ളത്ത് രാമൻ മൈതാനിക്ക് മുന്നിൽ പൊലീസിനെ കണ്ട് രക്ഷപ്പെടാനായി എസ്.എസ് കൃഷ്ണൻ റോഡിലേക്ക് തിരിഞ്ഞു. അവിടെ നിന്ന പൊലീസുകാർ കൈ കാണിച്ചെങ്കിലും നിറുത്തിയില്ല. ഇത് കണ്ട് തടയാൻ ശ്രമിച്ച എസ്.ഐയെ ഇടിച്ചുവീഴ്ത്തി വാഹനം ഓടിച്ച് പോവുകയായിരുന്നു.

എസ്.ഐയെ ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ബൈക്കിന്റെ നമ്പർ ലഭിച്ചില്ല. ഫോർട്ടുകൊച്ചി ഇൻസ്പെക്ടർ മനു വി. നായരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Advertisement
Advertisement