എക്‌സൈസിനു നേരെ നായയെ അഴിച്ചുവിട്ടു; മയക്കുമരുന്ന് കച്ചവടക്കാരൻ പിടിയിൽ

Monday 30 January 2023 3:13 AM IST

കൊച്ചി: എക്‌സൈസ് ഉദ്യോഗസ്ഥർക്കു നേരെ വളർത്തു നായയെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച ലഹരി വില്പനക്കാരൻ പിടിയിലായി. കാക്കനാട് നിലംപതിഞ്ഞ മുകൾ സ്വദേശി ലയോൺ റെജി (23) യാണ് എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എയും മൂന്ന് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

കാക്കനാട് തുതിയൂരിൽ സെന്റ് ജോർജ് കപ്പേള റോഡിലെ വീട്ടിൽ ഐ.ടി. ഉദ്യോഗസ്ഥൻ എന്ന വ്യാജേന വാടകയ്ക്ക് താമസിച്ച് ലഹരി വില്പന നടത്തിവരികയായിരുന്നു. ലയോൺ താമസിക്കുന്ന മുറിയിൽ തന്നെയാണ് സൈബീരിയൻ ഹസ്‌കി എന്ന വിദേശയിനം നായയും കഴിഞ്ഞിരുന്നത്. ലഹരിക്കേസിൽ പിടിയിലായ യുവാവിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട് വളഞ്ഞ എക്സൈസ് സംഘത്തിനു നേരെ ഇയാൾ നായയെ അഴിച്ചുവിടുകയായിരുന്നു. തന്ത്രപരമായി നായയെ മറ്റൊരു മുറിയിലേക്ക് മാറ്റിയാണ് ലയോണെ കീഴ്‌പ്പെടുത്തിയത്. നായയെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കേസെടുക്കും.

എറണാകുളം സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം. സജീവ് കുമാർ , സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഇൻസ്‌പെക്ടർ സിജോ വർഗീസ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ , സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്‌സൈസ് ഓഫീസർ എൻ.ഡി. ടോമി, സ്‌പെഷ്യൽ സ്‌ക്വാഡ് സി.ഇ.ഒ ടി. ആർ. അഭിലാഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 പുറത്തിറങ്ങാതെ കച്ചവടം

താമസം തുടങ്ങിയ അന്നു മുതൽ ഇയാൾ വീടിന്റെ പുറത്ത് ഇറങ്ങിയിട്ടില്ല. ഭക്ഷണമെല്ലാം ഓൺലൈൻ മുഖേന ഓർഡർ ചെയ്താണ് കഴിച്ചിരുന്നത്. നായയെ പേടിച്ച് ആരും അടുത്തതുമില്ല. മയക്ക് മരുന്ന് ആവശ്യമുള്ളവർ ഓൺലൈൻ മുഖേന പണം നൽകി കഴിഞ്ഞാൽ ഇയാൾ ലൊക്കേഷൻ അയച്ച് നൽകും. വീട്ടിൽ വച്ച് തന്നെ ഇടപാട് നടത്തുന്നതാണ് രീതി.

Advertisement
Advertisement