വളയം പിടിച്ച് ഉഷയും മിനിയും വിപണിയിൽ പിടിച്ച് 'പ്രകൃതി'യിലെ വനിതകൾ
കാസർകോട് : വനിതകൾ നയിക്കുന്ന മലയോരത്തെ 'പ്രകൃതി ഉൽപന്ന നിർമ്മാണ കേന്ദ്രം വിപണിയിലെ കടുത്ത മത്സരത്തിലും പൊരുതിമുന്നേറുന്നു. വൻകിട കുത്തകകളുടെ പേരെടുത്ത ഉൽപ്പന്നങ്ങളെ വെല്ലുവിളിച്ചാണ് കാഞ്ഞിരത്തിങ്കാൽ ആസ്ഥാനമായ ബേഡഡുക്ക വനിത സഹകരണ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള 'പ്രകൃതി' ഉത്പന്ന നിർമ്മാണ യൂണിറ്റ് നേട്ടത്തിലേക്ക് മുന്നേറുന്നത്.
അലക്ക് സോപ്പ്, ഹെർബൽ ടോയ്‌ലറ്റ് സോപ്പ്, പൗഡറുകൾ, ഡിഷ് വാഷ്, ഫ്ലോർ ക്ളീനർ, ടോയ്‌ലറ്റ് ക്ളീനർ, ഫിനോയൽസ്, സ്റ്റീൽസ് റബ്ബർ, ഫാബ്രിക് ഷാംപൂ, കാർ ഷാംപൂ, ഗ്ലാസ് ക്ളീനർ, എൽ. ഇ. ഡി ബൾബ് തുടങ്ങിയവ എന്നിവയാണ് ഇവർ നിർമ്മിച്ച് വിപണിയിലെത്തിക്കുന്നത്. ചന്ദനത്തിരി, കർപ്പൂരം തുടങ്ങിയ പൂജ സാധനങ്ങൾ വേറെ. പന്ത്രണ്ടു വനിതകളുടെ ഉപജീവന മാർഗമായ കേന്ദ്രത്തിലെ ഉൽപ്പന്നങ്ങൾ ജില്ലയിലങ്ങോളമിങ്ങോളമുള്ള കടകളിൽ വാനുകളിൽ എത്തിക്കുന്നത് പള്ളത്തിങ്കാൽ പറയമ്പള്ളത്തെ കെ. ഉഷയും വലിയപാറയിലെ മിനിയുമാണ്. ബാങ്കിന്റെ
രണ്ട് വാനുകളിൽ ഉത്പന്നങ്ങൾ നിറച്ചാണ് ഡ്രൈവർമാരായ ഇരുവരും ഇറങ്ങുന്നത്. കൂടെ ഓരോ സഹായികളും.
കടകൾക്ക് പുറമെ കൺസ്യൂമർ ഫെഡിനും കോ ഓപ്പറേറ്റിവ് മാർട്ടുകളിലും പ്രകൃതിയുടെ ഉത്പന്നങ്ങൾ എത്തിക്കുന്നുണ്ട്. ഗുണമേന്മ അറിഞ്ഞ് ഓർഡർ കൂടുന്നതാണ് ഇവരുടെ അനുഭവം. എറണാകുളത്ത് നടന്ന സഹകരണ എക്സ്പോയിൽ വനിതാ സംഘങ്ങളുടെ സ്റ്റാളുകളിൽ ഒന്നാമത് പ്രകൃതിയുടേതായിരുന്നു. മൊത്തം സ്റ്റാളുകളിൽ മികച്ചതിനുള്ള പുരസ്കാരം വേറെ. പ്രസിഡന്റ് കെ. ഉമാവതിയും സെക്രട്ടറി എ. സുധീഷ് കുമാറുമാണ് ബേഡഡുക്ക വനിതാ സഹകരണ സംഘത്തെ നയിക്കുന്നത്. 2004 ലെ വനിതാ ദിനത്തിൽ തുടങ്ങിയ സംഘം 2018 ജൂൺ 20 നാണ് ബാങ്ക് കെട്ടിടത്തിന്റെ താഴെയുള്ള ഷെഡിൽ 'പ്രകൃതി' നിർമ്മാണ യൂണിറ്റിന് തുടക്കം കുറിച്ചത്.വനിതാ ഡ്രൈവർമാർക്ക് പുറമെ കെ.ഉഷ, പി.ശോഭന, എ.പുഷ്പ, സി.ശ്രീജ, അനിത കമലം, ടി.സിന്ധു, സജിത മോഹൻ, ശാലിനി, ടി.മാധവി, അനിത കാലിചാമരം, ഉഷ താനത്തിങ്കൽ, ടി മനീഷ് കുമാർ എന്നിവരാണ് മറ്റ് അംഗങ്ങൾ
അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും വിപണിയിലെ കടുത്ത മത്സരവും പ്രകൃതിക്ക് വലിയ വെല്ലുവിളിയാണ്. കെമിക്കൽ പരമാവധി ഒഴിവാക്കി എണ്ണയും എണ്ണയുടെ ഉപ ഉൽപ്പന്നങ്ങളും ഉപയോഗിച്ചാണ് നിർമ്മാണം. ഹാൻഡ് മെയ്ഡ് ആയി നിർമ്മിക്കുന്നതിനായി ഗുണനിലവാരം കൂടുതലാണ്.. ജനങ്ങളുടെ സ്വീകാര്യതയിലാണ് മുന്നോട്ടു പോകുന്നത്.
എ സുധീഷ് കുമാർ
(വനിതാ ബാങ്ക് സെക്രട്ടറി )