ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി : ചട്ടത്തിൽ വട്ടംചുറ്റി പാവപ്പെട്ട രോഗികൾ

Monday 30 January 2023 12:13 AM IST

കോട്ടയം : ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിലെ പുതിയ കേന്ദ്ര മാനദണ്ഡം സാധാരണ രോഗികൾക്ക് പൊല്ലാപ്പാവുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് 24 മണിക്കൂറിനകം രോഗിയുടെ ബയോമെട്രിക് ഓതന്റിക്കേഷൻ നടത്തിയാലേ പദ്ധതിയുടെ പ്രയോജനം ലഭിക്കൂയെന്നാണ് പുതിയ ഉത്തരവ്. കഴിഞ്ഞ 24നാണ് ആരോഗ്യ ഇൻഷ്വറൻസ് കാർഡ് ഉപയോഗിച്ച് ഗവൺമെന്റ് ആശുപത്രികളിൽ അഡ്മിറ്റാവുന്നവർക്ക് പുതിയ മാനദണ്ഡം കേന്ദ്രം ഏർപ്പെടുത്തിയത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ച് 24മണിക്കൂറിനകം രോഗികളുടെ ബയോമെട്രിക് ഓതന്റിക്കേഷൻ നടന്നെങ്കിൽ മാത്രമേ ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാവുകയുള്ളൂ. വൈകും തോറും ചെലവുകൾക്കുള്ള പണം കൈയിൽ നിന്ന് അടയ്ക്കണം. പ്രായമായ ആളുകളും, അതീവ ഗുരുതരാവസ്ഥയിലോ അബോധാവസ്ഥയിലോ കഴിയുന്നവർക്കും മിക്കപ്പോഴും ഇത് സാദ്ധ്യമാകുന്നില്ല. പ്രായാധിക്യംമൂലം വിരൽപ്പാടുകൾ മായുന്നതും വെല്ലുവിളിയാകുന്നു. ഗുരതരാവസ്ഥയിലുള്ള രോഗികളെ ഓതന്റിക്കേഷൻ നടത്താനും പ്രായോഗിക ബുദ്ധിമുട്ടുണ്ട്.

'' പുതിയ മാനദണ്ഡം സാധാരണ രോഗികൾക്ക് പ്രയാസം സൃഷ്ടിക്കുന്നു. ഉത്തരവ് പിൻവലിക്കുകയോ, ഭേദഗതി ചെയ്യുകയോ വേണം. അർഹതയുള്ള രോഗികൾക്ക് ഇൻഷ്വറൻസ് ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകി''

- ജോബിൻ ജേക്കബ്,​ എച്ച്.ഡി.എസ് മെമ്പർ,​ മെഡിക്കൽ കോളേജ്