ഇടതു സർക്കാരിന്റെ ധൂർത്തിൽ പ്രതിപക്ഷ ധവളപത്രത്തിന് പിന്നാലെ വി ഡി സതീശന് പുതിയ ഇന്നോവ ക്രിസ്റ്റ; വിവാദം

Sunday 29 January 2023 11:19 PM IST

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി ഡി സതീശന് സർക്കാർ പുതിയ വാഹനം അനുവദിച്ചതിനെ ചൊല്ലി വിവാദം. 22 ലക്ഷം രൂപ മുതൽ വില വരുന്ന ഇന്നോവ ക്രിസ്റ്റ കാറാണ് വി ഡി സതീശനായി അനുവദിച്ചത്. സംസ്ഥാന സർക്കാരിന്റെ പൊതുകടവും ധൂർത്തും അക്കമിട്ട് നിരത്തുന്ന ധവളപത്രം പുറത്തിറക്കിയ സാഹചര്യത്തിൽ പ്രതിപക്ഷനേതാവ് പുതിയ വാഹനം ഉപയോഗിക്കുന്നതാണ് വിമർശനങ്ങൾ ക്ഷണിച്ച് വരുത്തിയത്.

എന്നാൽ ഔദ്യോഗിക വാഹനം പുതുക്കി നൽകാനായി ആവശ്യപ്പെട്ടിട്ടില്ല എന്നാണ് വി ഡി സതീശന്റെ ഓഫീസിന്റെ പ്രതികരണം. പഴയ വാഹനം ഇതിനോടകം തന്നെ രണ്ടേമുക്കാൽ ലക്ഷം കിലോ മീറ്റർ ഓടിയതിനാൽ ടൂറിസം വകുപ്പിന്റെ സ്വാഭാവിക നടപടി പ്രകാരം പുതിയ വാഹനം അനുവദിച്ചതായാണ് വിശദീകരണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ചിരുന്ന വാഹനമാണ് വി ഡി സതീശനും ഉപയോഗിച്ച് വന്നത്. ഇതിനിടയിലാണ് ടൂറിസം വകുപ്പ് പുതുതായി വാങ്ങിയ പത്ത് കാറുകളിലൊന്ന് പ്രതിപക്ഷനേതാവിനായി അനുവദിച്ചത്.

അതേസമയം കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ എന്ന വിശേഷണത്തോടെ പുറത്തിറക്കിയ ധവളപത്രത്തിൽ മുഖ്യമന്ത്രിയുടെ അകമ്പടിക്ക് ആംബുലന്‍സ് അടക്കം 28 സുരക്ഷാവാഹനങ്ങള്‍ ഒരുക്കിയെന്നും മുഖ്യമന്ത്രിക്ക് യാത്രചെയ്യാന്‍ മാത്രം ഏഴു കാറുകള്‍ വാങ്ങിയെന്നും കുറ്റപ്പെടുത്തിയിരുന്നു. നികുതിവെട്ടിപ്പുകാര്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നും ആരോപിച്ചിരുന്നു. നാലുലക്ഷം കോടിയാണ് കേരളത്തിന്റെ മൊത്തം കടബാധ്യതയെന്നും പ്രതിപക്ഷ നേതാവ് വി ഡി. സതീശന്‍ ആരോപിച്ചിരുന്നു.