നീരൊഴുക്കില്ലാതെ ജലാശയങ്ങൾ; കുട്ടനാടിനു മീതേ 'ഇരുത്ത്' ഭീഷണി

Monday 30 January 2023 12:21 AM IST

ആലപ്പുഴ: കുട്ടനാട്ടുകാരെ ഭീതിപ്പെടുത്തും വിധം, ഭൂമി താഴുന്നുവെന്ന പ്രചാരണം ശരിയല്ലെന്നും 'ഇരുത്ത്' മൂലമുള്ള പ്രതിഭാസമാണ് ഇതെന്നും കുട്ടനാട് കായൽനില ഗവേഷണ കേന്ദ്രം വിശദീകരിക്കുന്നു.

കുട്ടനാട് പ്രകൃതിദത്തമായ പ്രദേശമല്ല, മനുഷ്യ നിർമ്മിതമാണ്. മുൻകാലങ്ങളിൽ, തോടുകളിലും നീർച്ചാലുകളിലും അടിഞ്ഞു കൂടിയിരുന്ന എക്കൽ വർഷംതോറും തൊഴിലാളികൾ നീക്കി പാടശേഖരങ്ങളുടെ പുറം ബണ്ടുകൾ ഉയർത്തി ബലപ്പെടുത്തുമായിരുന്നു. എന്നാൽ 40 വർഷമായി ഇതു നടക്കാത്തതിനാൽ നീരോഴുക്ക് തടസപ്പെട്ടു. കുട്ടനാട്ടിലെ കൈനകരി, മങ്കോമ്പ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളക്കെട്ടിൽ മുങ്ങാനിടയായി. പ്രളയശേഷം 20 മുതൽ 30 സെന്റീമീറ്റർ വരെ ചിലപ്രദേശങ്ങൾ താഴ്ന്നു കിടക്കുന്നതിനാൽ വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിനെ കുട്ടനാട്ടുകാർ ഇരുത്ത് എന്നാണ് വിശേഷിപ്പിക്കുന്നത്.

തോട്ടപ്പള്ളി സ്പിൽവേയിലെ നീരോഴിക്കിനെ സംബന്ധിച്ചും ഗവേഷണ കേന്ദ്രം പഠനം നടത്തി. കടലിലേക്കുള്ള നീരോഴുക്ക് കുറവാണ്. കടലിൽ നിന്നുള്ള ഇടിച്ചുകുത്തിത്തിരയുടെ ഓളങ്ങളാണ് നീരോഴുക്ക് കുറയ്ക്കുന്നത്. കായംകുളം കായലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് സ്പിൽവേയെക്കാൾ അഞ്ചിരട്ടി കൂടുതലാണ്. വർഷം മുഴുവൻ സ്പിൽവേ തുറന്നു കിടന്നാലും കൃഷിക്ക് ദോഷകരമല്ലാത്ത പദ്ധതി നടപ്പാക്കുകയാണ് വേണ്ടത്. പൊഴിമുഖത്തിന്റെ ഇരുവശവും പുലിമുട്ട് നിർമ്മിച്ച് ഒടിച്ചുകുത്തി തിരയുടെ ശക്തി കുറച്ച് കടലിലേക്കുള്ള വെള്ളമൊഴുക്ക് ശക്തമാക്കേണ്ടത് അനിവാര്യമാണ്.

ആഴമില്ല, എങ്ങും

പ്രളയശേഷം കുട്ടനാടൻ ജലാശയങ്ങളുടെ ആഴം വൻ തോതിൽ കുറഞ്ഞതാണ് വെള്ളപ്പൊക്കം ഒഴിയാബാധയാവാൻ കാരണം. വേമ്പനാട്ടുകായൽ, കുട്ടനാട്ടിലെ നദികൾ, ഇടത്തോടുകൾ തുടങ്ങിയ ജലാശയങ്ങിലെല്ലാം എക്കവും മണലുമടിഞ്ഞു പകുതിയിലേറെ ആഴം കുറഞ്ഞുവെന്നത് കുട്ടനാട്ടിലെ സാധാരണ ജനങ്ങൾക്കുപോലും അറിയാം. കരിങ്കൽ ക്വാറി ലോബികളെ സഹായിക്കാനെന്നോണം മണലെടുപ്പ് തടഞ്ഞതും നിലവിലെ പ്രതിസന്ധിക്ക് കാരണമായെന്ന് ആരോപണമുണ്ട്.

കുട്ടനാട്ടിൽ പ്രളയ ഭീതിയേക്കാൾ പ്രതിസന്ധി വേലിയേറ്റ പ്രളയമാണ്. വേലിയേറ്റ പ്രളയത്തിൽ മൂന്ന് പാടശേഖരങ്ങളിലാണ് മടവീണ് കൃഷി നശിച്ചത്. ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിൽ സ്ഥിരം പദ്ധതി കുട്ടനാട്ടിൽ നടപ്പാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇരുത്ത് മൂലമുള്ള പ്രളയം ഇല്ലാതാക്കാൻ യന്ത്രത്തിന്റെ സഹായത്തോടെ നീരോഴുക്ക് സുഗമമാക്കുന്ന പദ്ധതികളാണ് ആവശ്യം

ഡോ. കെ.ജി.പദ്മകുമാർ, കായൽ ഗവേഷണ കേന്ദ്രം

ഭൂമിശാസ്ത്രപരമായി പ്രത്യേകതയുള്ള കുട്ടനാടിനെക്കുറിച്ച് നടത്തിയ പഠന റിപ്പോർട്ട് പുറത്ത് വിടുമ്പോൾ പഠനം നടത്തിയവർ ആരൊക്കെയെന്നും ഏതൊക്കെ മേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധരാണെന്നും വ്യക്തമാക്കണം

ബേബി പാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്, നെൽ നാളികേര കർഷക ഫെഡറേഷൻ