ഭാരത് ജോഡോ യാത്ര സമാപിച്ചു; വെറുപ്പിന്റെ രാഷ്‌ട്രീയത്തിനെതിരെ നടത്തിയ യാത്രയെന്ന് രാഹുൽ ഗാന്ധി

Monday 30 January 2023 1:28 AM IST

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നയങ്ങൾക്കും ബി.ജെ.പിയുടെ രാഷ്‌ട്രീയ അജൻഡകൾക്കുമെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സെപ്‌തംബർ 7ന് കന്യാകുമാരിയിൽ നിന്നാരംഭിച്ച ഭാരത് ജോഡോ യാത്ര ശ്രീനഗറിൽ സമാപിച്ചു. സമാപനത്തിന്റെ ഭാഗമായി ഇന്ന് 11ന് ശ്രീനഗർ ഷേർ- ഇ- കാശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രമുഖ പ്രതിപക്ഷ കക്ഷി നേതാക്കൾ പങ്കെടുക്കും.ബി.ജെ.പിയുടെ വെറുപ്പിന്റെ രാഷ്‌ട്രീയത്തിനെതിരെ നടത്തിയ യാത്രയിൽ പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിച്ചതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

സുരക്ഷാ പ്രശ്‌നങ്ങളെത്തുടർന്ന് നിറുത്തിവച്ചിരുന്ന യാത്ര ഇന്നലെ രാവിലെ ശ്രീനഗറിലെ പാന്ത ചൗക്കിൽ നിന്ന് പുനഃരാരംഭിച്ച ശേഷം ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തി. പ്രിയങ്കാഗാന്ധിയും പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയും അണിചേർന്നു. ശ്രീനഗറിലെ ബൊളിവാർഡ് മേഖലയിലെ നെഹ്‌റു പാർക്കിലാണ് യാത്ര സമാപിച്ചത്.

ചില പ്രതിപക്ഷ പാർട്ടികൾ സമാപന ചടങ്ങിൽ പങ്കെടുക്കുന്നില്ലെങ്കിലും ആർ.എസ്.എസ്- ബി.ജെ.പി അജൻഡകൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇതൊരു തുടക്കം മാത്രമാണ്. യാത്ര ദേശീയ തലത്തിൽ സ്വാധീനം ചെലുത്തിയെന്നും പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

സമാപന സമ്മേളനത്തിൽ എം.കെ.സ്റ്റാലിൻ (ഡി.എം.കെ), ശരദ് പവാർ(എൻ.സി.പി), തേജസ്വി യാദവ്(ആർ.ജെ.ഡി), ഉദ്ധവ് താക്കറെ(ശിവസേന), ഡി.രാജ, ബിനോയ് വിശ്വം(സി.പി.ഐ), ജോസ്.കെ.മാണി(കേരളാ കോൺഗ്രസ്) ഫാറൂഖ് അബ്ദുള്ള(നാഷണൽ കോൺഫറൻസ്), മെഹബൂബ മുഫ്തി(പി.ഡി.പി), ഷിബു സോറൻ(ജെ.എം.എം), എൻ.കെ.പ്രേമചന്ദ്രൻ(ആർ.എസ്.പി), തോൽ തിരുമാവളവൻ(വിടുതലൈ ചിരുതൈകൾ കച്ചി) തുടങ്ങിയ നേതാക്കൾ പങ്കെടുക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. തൃണമൂൽ കോൺഗ്രസ്, ബി.എസ്‌.പി, എസ്.പി, ജെ.ഡി.എസ്, ജെ.ഡി.യു, സി.പി.എം തുടങ്ങിയ പ്രതിപക്ഷ കക്ഷികൾക്ക് ക്ഷണം ലഭിച്ചെങ്കിലും പങ്കെടുക്കില്ല.

12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 75 ജില്ലകളിലൂടെ 4080 കിലോമീറ്റർ പിന്നിട്ട ശേഷമാണ് യാത്ര ഇന്നലെ ശ്രീനഗറിൽ സമാപിച്ചത്.

ലാൽചൗക്കിൽ ദേശീയ പതാക

75 വർഷത്തിന് ശേഷമാണ് ഒരു കോൺഗ്രസ് നേതാവ് ശ്രീനഗറിലെ ലാൽചൗക്കിൽ ദേശീയ പതാക ഉയർത്തുന്നത്. നാഷണൽ കോൺഫറൻസ് സ്ഥാപകൻ ഷെയ്ഖ് മുഹമ്മദ് അബ്ദുള്ളയുമായുള്ള സഖ്യം പ്രഖ്യാപിച്ച ശേഷം 1948ൽ ജവഹർലാൽ നെഹ്‌റുവാണ് ഒടുവിൽ ഇവിടെ പതാക ഉയർത്തിയ കോൺഗ്രസ് നേതാവ്.

കേരളത്തിൽ നിന്നുള്ള ഭാരത് ജോഡോ യാത്രികർ

1. ചാണ്ടി ഉമ്മൻ 2. അഡ്വ. അനിൽ ബോസ് 3. നബീൽ നൗഷാദ് 4. കെ.ടി. ബെന്നി 5. ഡി. ഗീതാ കൃഷ്‌ണൻ 6. മഞ്ജു കുട്ടൻ 7. ഫാത്തിമ 8. ഷീബാ രാമചന്ദ്രൻ 9. എം.എ. സലാം10. അനീഷ് സുകുമാരൻ 11. എൻ. ബിജേഷ് 12. എൻ.ടി. ഇസ്മയിൽ 13. പി.വി. വേണുഗോപാലൻ 14. കെ.എം. മുഹമ്മദ് ഷെജിൻ മേത്തർ 15. ശ്രീവത്‌സൻ 16. വരുൺ ആലപ്പാട് 17. യൂസഫ് സജി 18. കെ. കമൽ ജിത്ത്