രാജ്യത്തെ ഭിന്നിപ്പിക്കുന്നത് തടയാൻ ഐക്യത്തിന്റെ മന്ത്രം : പ്രധാനമന്ത്രി

Monday 30 January 2023 1:32 AM IST

ന്യൂഡൽഹി: രാജ്യത്ത് ഭിന്നിപ്പിന്റെ വിത്തുകൾ വിതച്ച് വിഭാഗീയതയുണ്ടാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്ത എൻസിസി കേഡറ്റുകളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അത്തരം ശ്രമങ്ങൾ വിജയിക്കില്ല. ഐക്യത്തിന്റെ മന്ത്രമാണ് ഇന്ത്യക്ക് മഹത്വം കൈവരിക്കാനുള്ള മാർഗം. ബി.ബി.സി ഡോക്യുമെന്ററി വിവാദമായ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.

ഇത് ഇന്ത്യയുടെ സമയമാണ്. ഇന്ത്യയിലെ യുവാക്കൾക്കുംഇത് പുതിയ അവസരങ്ങളുടെ സമയമാണ്. യുവാക്കൾ കാരണം ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു. യുവാക്കൾക്ക് പ്രയോജനപ്പെടുന്ന ഡിജിറ്റൽ, സ്റ്റാർട്ടപ്പ് പദ്ധതികൾ കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ചു. അതേസമയം,​ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നു. ഭാരതമാതാവിന്റെ മക്കൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ നിരവധി വിഷയങ്ങൾ ഉയർത്തിക്കാട്ടുന്നു.അതൊന്നും വിലപ്പോകില്ല. ജനങ്ങൾക്കിടയിൽ ഒരിക്കലും ഭിന്നത ഉണ്ടാകില്ല. ഐക്യത്തിന്റെ മന്ത്രമാണ് ഇതിനുള്ള മറുമരുന്ന്. ഐക്യത്തിന്റെ മന്ത്രം ഒരു പ്രതിജ്ഞയും ഇന്ത്യയുടെ ശക്തിയുമാണ്.

പ്രതിരോധ മേഖലയിലെ പരിഷ്കാരങ്ങളിൽ പെൺകുട്ടികൾക്ക് വലിയ സാദ്ധ്യതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എട്ട് വർഷത്തിനിടെ പൊലീസിലും അർദ്ധസൈനിക വിഭാഗങ്ങളിലും സ്ത്രീകളുടെ എണ്ണം ഇരട്ടിയായി. മുമ്പ് ഇറക്കുമതി ചെയ്ത തോക്കുകൾ ഇപ്പോൾ രാജ്യത്തു തന്നെ നിർമ്മിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എൻ.സി.സിയുടെ 75-ാം വാർഷികത്തിന്റെ ഭാഗമായി പ്രത്യേക ഡേ കവറും 75 രൂപ നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, എൻ.സി.സി ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ ഗുർബീർപാൽ സിംഗ്, സംയുക്ത സേനാ മേധാവി അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ, വ്യോമസേനാ മേധാവി വി ആർ ചൗധരി, പ്രതിരോധ സെക്രട്ടറി ഗിർധർ അർമാൻ എന്നിവരും പങ്കെടുത്തു.

Advertisement
Advertisement