പുന്നയൂരിലെ അംഗൻവാടിക്ക് സ്വന്തമായി കെട്ടിടം
Monday 30 January 2023 1:18 AM IST
ചാവക്കാട്: ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ പുന്നയൂർ പഞ്ചായത്തിലെ 58 ാം നമ്പർ അംഗൻവാടിക്ക് സ്വന്തമായി കെട്ടിടം എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. വിവിധ സ്ഥലങ്ങളിലായി വാടകക്കെട്ടിടങ്ങളിലാണ് പതിനഞ്ചാം വാർഡിലെ അംഗൻവാടി പ്രവർത്തിച്ചിരുന്നത്. അടിസ്ഥാനസൗകര്യം ഒരുക്കാനായി അന്നത്തെ വാർഡ് മെമ്പർ ജിസ്ന റനീഷും വെൽഫയർ കമ്മിറ്റിയും നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് വാക്കയിൽ പ്രകാശന്റെ അമ്മ പത്മാവതിയുടെ പേരിലുള്ള ഭൂമിയിൽ നിന്ന് 3 സെന്റ് സംഭാവനയായി നൽകിയത്. എൻ.കെ.അക്ബർ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 27.5 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. കെട്ടിടത്തിന്റെ ശിലാസ്ഥാപനം 30ന് വൈകിട്ട് 4ന് എൻ.കെ അക്ബർ എം.എൽ.എ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.