ധർമ്മത്തിന്റെ ജീവിത വ്യാഖ്യാനം

Monday 30 January 2023 2:05 AM IST

അന്യജീവന് ഉതകിയെങ്കിലേ സ്വജീവിതം ധന്യമാകൂ എന്നു വിശ്വസിച്ച ഋഷിവര്യനാണ് മഹാത്മാഗാന്ധി. ഗാന്ധിജിയുടെ എല്ലാ പ്രവർത്തനങ്ങളുടെയും ആത്യന്തിക ലക്ഷ്യം, സമൂഹത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്നവരുടെ ജീവിതത്തിന്റെ അഭ്യുദയമായിരുന്നു. Un to the last എന്ന സങ്കല്പം ഗാന്ധിജിയെ വളരെയേറെ ആകർഷിച്ചിരുന്നു. ഈ സങ്കല്പം വരുന്നതിനു മുമ്പേ അദ്ദേഹം ആധാരമാക്കിയിരുന്ന ഗ്രന്ഥം ഭഗവദ്ഗീതയാണ്. എപ്പോൾ തനിക്ക് സംശയമുണ്ടായാലും അത് തീർക്കാൻ താൻ ആശ്രയിക്കുന്നത് ഗീതാമാതാവിനെയാണെന്ന് ചമത്കാരഭാഷയിൽ ഗാന്ധിജി പറഞ്ഞിരുന്നു.

ഭഗവദ്ഗീതയുടെ ലക്ഷ്യം ധർമ്മസംസ്ഥാപനമാണ്. എന്തിനു വേണ്ടിയാണ് ധർമ്മമെന്നും, എങ്ങനെയാണ് ധർമ്മം ആചരിക്കേണ്ടതെന്നും ഭഗവാനോടു ചോദിക്കുന്നത് അർജ്ജുനൻ ആണ്. ധർമ്മം ആചരിക്കുന്നതിന്റെ ലക്ഷ്യമായി ഭഗവദ്ഗീത പറയുന്നത് 'പരിത്രാണായ സാധൂനാം' എന്നാണ്. 'സാധു പരിരക്ഷയ്ക്കായി ധർമ്മ സംരക്ഷണം' എന്ന് അർത്ഥം. ആരാണ് സാധു എന്ന ചോദ്യത്തിന് ഗാന്ധിജിയുടെ മറുപടി, നാം ജീവിതത്തിൽ കണ്ടുമുട്ടിയിട്ടുള്ള ഏറ്റവും ദരിദ്രനും ദീനനും നിസഹായനുമായ മനുഷ്യൻ എന്നാണ്. അത്തരക്കാരുടെ ജീവിതത്തിന് ആത്മവിശ്വാസമുണ്ടാക്കുന്ന കർമ്മത്തെയാണ് അദ്ദേഹം ധർമ്മം എന്നു വിവക്ഷിച്ചത്. ഇത് വിപുലമായ അർത്ഥത്തിൽ അദ്ദേഹം പിന്നീട് വ്യാഖ്യാനിക്കുന്നുണ്ട്. വിഷം കലരാത്ത വായുവു മണ്ണും വെള്ളവും ഈ ലോകത്തുണ്ടാകണം എന്നുകൂടിയാണ് ധർമ്മപരിരക്ഷ കൊണ്ട് ഗാന്ധിജി അർത്ഥമാക്കിയത്. അതിനുള്ള പരിശ്രമത്തെയാണ് ധർമ്മപരിരക്ഷയായി അദ്ദേഹം വിഭാവം ചെയ്തത്. അതുതന്നെയാണ് സ്വകർമ്മത്തിലൂടെ അദ്ദേഹം സാക്ഷാത്കരിച്ചതും.

അക്കാലത്തെ ഇന്ത്യയുടെ അവസ്ഥ പരിതാപകരമായിരുന്നു. ആഹാരം, വസ്ത്രം, പാർപ്പിടം, വൈദ്യസഹായം, വിദ്യാഭ്യാസം എന്നീ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നവരുടെ എണ്ണം തുലോം കുറവായിരുന്നു. എട്ടു പതിറ്റാണ്ടുകാലത്തോളം നീണ്ട വിദേശാധിപത്യത്തിനു കീഴിൽ ഞെരിഞ്ഞമർന്ന ഭാരതമാണ് അദ്ദേഹത്തിനു മുന്നിൽ അവശേഷിച്ചത്. യുദ്ധക്കളത്തിൽ തനിക്കെതിരെ നിൽക്കുന്ന ശത്രുക്കളോട് യുദ്ധം ചെയ്യാൻ കഴിയില്ലെന്ന പരാജയബോധം പിടിപെട്ട് തളർന്നുപോയ ഒരുവനിൽ ആത്മവിശ്വാസം ഉദ്ദീപ്തമാക്കി മഹായുദ്ധം ജയിക്കത്തക്കവിധം കെല്പുറ്റവനാക്കുക എന്ന ഗീതാധർമ്മം തന്നെയാണ് ഗാന്ധിജി നിർവഹിച്ചത്. ലോകത്ത് അത്തരമൊരു സമരരീതി അതിനു മുമ്പോ ശേഷമോ പരീക്ഷിക്കപ്പെട്ടിട്ടില്ല.

ഇന്ത്യയിൽ മഹാത്മാഗാന്ധി നയിച്ച സ്വാതന്ത്ര്യ സമരത്തിന്റെ ഏറ്റവും വലിയ സവിശേഷത, അതിലെ സ്ത്രീപ്രാതിനിധ്യമായിരുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും മാത്രമല്ല, പൊതുസമൂഹത്തിൽ നിന്ന് അല്പം മാറി നിൽക്കുന്നുവെന്ന് കരുതപ്പെട്ടിരുന്നവരെല്ലാവരും സജീവമായി പങ്കെടുത്തതായിരുന്നു ആ സമരരീതി. യുദ്ധം ജയിക്കാനാകുമെന്ന് എല്ലാ മനുഷ്യരിലും ആത്മവിശ്വാസം ഉദ്ദീപിപ്പിക്കുകയായിരുന്നു ഗാന്ധിജിയുടെ സമരതന്ത്രം. അതാകട്ടെ, അഹിംസാത്മകമായതുകൊണ്ട് അവരവരുടെ കാഴ്ചപ്പാടിൽ എല്ലാവർക്കും പ്രയോഗിക്കാൻ കഴിയുമായിരുന്നു. ഹിംസാത്മക യുദ്ധമായിരുന്നെങ്കിൽ ആയുധപരിശീലനം കൂടിയേ കഴിയൂ. ഗാന്ധിജിയുടെ സഹനസമരത്തിന് അതൊന്നും ആവശ്യമായിരുന്നില്ല. സമൂഹത്തിലെ ഏറ്റവും ദരിദ്രരുടെ ജീവിതം കൂടുതൽ ഔന്നത്യമുള്ളതാക്കാനുള്ള ഒരു സമരരീതിയും ഭരണരീതിയും വേണമെന്ന് അദ്ദേഹം നിശ്ചയിച്ചിരുന്നു.

അതുകൊണ്ടാണ് ഖാദി വസ്ത്ര നിർമ്മാണം, സാക്ഷരതാ പ്രവർത്തനം, പരിസ്ഥിതി സംരക്ഷണം, ശൗചാലയ നിർമ്മാണങ്ങളും അതിന്റെ സംരക്ഷണവും, കുടിൽ വ്യവസായങ്ങൾ, സമ്പത്തിന്റെ ഉത്പാദനത്തിൽ സ്ത്രീകളുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുക, തൊഴിലിലൂടെ വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാക്കാൻ ഗാന്ധിജിക്കു കഴിഞ്ഞത്. ഇന്ത്യൻ സങ്കല്പം അനുസരിച്ച് രാജ്യത്തിന്റെ സമ്പത്ത് രാജാവിന്റേതല്ല. സമ്പത്തുള്ളത് രാജ്യത്തിനാണ്. രാജാവ് നിസ്വനാണ്. വിദേശാധിപത്യം മുതൽ ഈ രാജ്യത്തു സംഭവിച്ച പ്രധാന ധർമ്മഭ്രംശം രാജ്യത്തിന്റെ സമ്പത്ത് രാജാക്കന്മാരുടെ സമ്പത്താക്കി മാറ്റി എന്നതാണ്.

ഇന്ന്, നിസ്വരായി പൊതുരംഗത്ത് വരുന്നവർ ഒരുഘട്ടം കഴിയുമ്പോൾ ശതകോടീശ്വരന്മാരായി മാറുന്ന ഒരു മായാവിലാസം കാണുന്നുണ്ട്. അത് ഗാന്ധിയൻ സങ്കല്പത്തിനു വിരുദ്ധമാണ്. പൊതുപ്രവർത്തനം പരാന്നഭോജിയുടെ ജീവിതമായി മാറാൻ പാടില്ലെന്ന് ഗാന്ധിജിക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് നിർമ്മാണ പ്രവർത്തനത്തിലൂടെ പണം കണ്ടെത്തി വേണം പൊതുപ്രവർത്തനം എന്ന് അദ്ദേഹം പഠിപ്പിച്ചത്. രാഷ്ട്രീയം മുഴുവൻസമയ ജോലിയായി കാണുന്നത് ഗാന്ധിയൻ രീതിക്ക് എതിരാണ്. രാജ്യത്ത് ധനം ആർജിക്കുന്ന വ്യവസായികളെ ഗാന്ധിജി വിലക്കിയിരുന്നില്ല. കാരണം,​ അവർ രാജ്യത്തിനു വേണ്ടി വരുമാനമുണ്ടാക്കുന്നവരാണ്. രാജ്യത്തിനുവേണ്ടി സേവനം ചെയ്യുന്ന സൈനികനെയെന്ന പോലെ,​ അദ്ധ്യാപകനെയെന്ന പോലെ രാജ്യത്തിനായി ധനം ആർജ്ജിക്കുന്ന വൈശ്യ ജനവിഭാഗത്തെക്കൂടി ആദരിക്കേണ്ടതുണ്ട് എന്നതാണ് ഭാരതീയ സങ്കല്പം.

സ്വതന്ത്ര ഇന്ത്യയിൽ വ്യവസായികളെ ശത്രുക്കളായാണ് കാണുന്നത്- കേരളത്തിൽ പ്രത്യേകിച്ചും. വ്യവസായത്തിലൂടെ പണമുണ്ടാക്കുന്നവരെല്ലാം ചൂഷകരാണെന്നും അവരെ വകവരുത്തണമെന്നുള്ള വിശ്വാസം മലയാളികളുടെ മനസിലേക്ക് കടത്തിവിടുന്നതിൽ എല്ലാ രാഷ്ട്രീയക്കാരും മത്സരിക്കുന്നുണ്ട്. ആർക്കും പണമുണ്ടാക്കാൻ കഴിയുമെന്നത് തെറ്റിദ്ധാരണയാണ്. മൂലധനം ഉണ്ടായാലും എല്ലാവരും വ്യവസായം ചെയ്താൽ വിജയിക്കില്ല, മണ്ണിന്റെ ഹൃദയത്തുടിപ്പ് അറിയുന്നവനേ കൃഷി ചെയ്യാനാകൂ. അവരെ ആദരിക്കുകയും ബഹുമാനിക്കുകയും വേണം. ഏറ്റവും ദരിദ്രരും ദീനരും നിരാലംബരുമായ ആളുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന ഗവൺമെന്റ് ഉണ്ടാകുന്നതാണ് ഗാന്ധി വിഭാവനം ചെയ്ത വികസനം.

Advertisement
Advertisement