ഗാന്ധിസ്‌മൃതിയായ ബിർളാ ഹൗസ്
ഗാന്ധിജി ജീവിതത്തിലെ അവസാന 144 ദിവസം ചെലവഴിച്ചത് ന്യൂഡൽഹിയിലെ ബിർളാ ഹൗസിലാണ്. ഇന്ന് ഇവിടം ഗാന്ധി സ്മൃതി എന്ന പേരിൽ മ്യൂസിയമായി സംരക്ഷിക്കപ്പെടുന്നു. ബിർളാ ഹൗസിനു മുന്നിലെ റോഡ് തീസ് ജനുവരി മാർഗ് എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു. 1948 ജനുവരി 30ന് ഇവിടുത്തെ മണ്ണിലാണ് ഗാന്ധിജി വെടിയേറ്റു വീണത്. 1971-ൽ ഇന്ത്യൻ സർക്കാർ ഗാന്ധി സ്മൃതി ഏറ്റെടുത്തു. 1973 ഓഗസ്റ്റ് 15ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
ഗാന്ധിജിയുടെ നിരവധി അപൂർവ ചിത്രങ്ങളും അദ്ദേഹത്തിന്റേതായിരുന്ന ഏതാനും വസ്തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യവസായ പ്രമുഖരായ ബിർളാ കുടുംബത്തിന്റെ വീടായിരുന്നു ഇത്. പന്ത്രണ്ടു മുറികളോടു കൂടിയ ബിർളാ ഹൗസ് 1928ൽ ഘൻശ്യാംദാസ് ബിർളയാണ് നിർമ്മിച്ചത്. ഗാന്ധിജി ബിർളാ ഹൗസിലെ പതിവ് അതിഥികളിൽ ഒരാളായിരുന്നു. 1947 സെപ്റ്റംബർ 9 മുതൽ 1948 ജനുവരി 30 വരെയാണ് ഗാന്ധി തന്റെ അവസാന നാളുകൾ ഇവിടെ ചെലവഴിച്ചത്.
ഗാന്ധിജിയുടെ മരണശേഷം ബിർളാ ഹൗസ് സ്മാരകമാക്കാണമെന്ന അഭ്യർത്ഥനയുമായി ജവഹർലാൽ നെഹ്‌റു ഘൻശ്യാംദാസ് ബിർളയെ സമീപിച്ചിരുന്നെങ്കിലും വീട് ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായില്ല. പിന്നീട് കൃഷ്ണകുമാർ ബിർളയുടെ (കെ.കെ ബിർള) ഉടമസ്ഥതയിലിരിക്കെയാണ് ബിർളാ ഹൗസ് സർക്കാർ ഏറ്റെടുത്തത്. 2005 ൽ എറ്റേണൽ ഗാന്ധി മൾട്ടിമീഡിയ മ്യൂസിയം എന്ന പേരിൽ ഒരു ഡിജിറ്റൽ മൾട്ടി മീഡിയ മ്യൂസിയവും ഇവിടെ ആരംഭിച്ചു. ഗാന്ധി സ്മൃതിയും രാജ്ഘട്ടിലെ ഗാന്ധി ദർശനും 1984 സെപ്തംബറിൽ ലയിപ്പിക്കുകയും ഗാന്ധി സ്മൃതി ആൻഡ് ദർശൻ സമിതി എന്ന് അറിയപ്പെടുകയും ചെയ്തു.
ഒരു സ്വയംഭരണ സ്ഥാപനമായി മാറിയ ഇത് ഇന്ത്യൻ സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയാണ് ഗാന്ധി സ്മൃതി മ്യൂസിയം ചെയർമാൻ. ഗാന്ധിജിയുടെ ആശയങ്ങളും ജീവിതവും വിദ്യാഭ്യാസ- സാംസ്കാരിക പരിപാടികളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഗാന്ധി സ്മൃതിയുടെയും ദർശൻ സമിതിയുടെയും ലക്ഷ്യം. ഇന്റർനാഷണൽ സെന്റർ ഒഫ് ഗാന്ധിയൻ സ്റ്റഡീസ് ആൻഡ് റിസേർച്ചും ഗാന്ധി സ്മൃതിക്ക് അനുബന്ധമായി പ്രവർത്തിക്കുന്നു. തിങ്കൾ, പൊതു അവധി ദിനങ്ങൾ ഒഴികെ എല്ലാ ദിവസവും പ്രവർത്തിക്കുന്ന ഗാന്ധി സ്മൃതിയിലേക്ക് പ്രവേശനം സൗജന്യമാണ്.