അസ്‌തമയത്തിലെ പ്രാർത്ഥന, മഹാത്മാഗാന്ധിയുടെ ഹൃദയരക്തം രാജ്യത്തെ കണ്ണീർക്കടലാക്കിയ ദിവസം

Monday 30 January 2023 2:08 AM IST

രാഷ്‌ട്രപിതാവായ മ ഹാത്മാഗാന്ധിയുടെ ഹൃദയരക്തം രാജ്യത്തെ കണ്ണീർക്കടലാക്കിയ ദിവസം. ഗോഡ്സെ വെടിവയ്ക്കുമ്പോൾ ഗാന്ധിജിക്കു തൊട്ടു പിന്നിൽ നില്പുണ്ടായിരുന്ന, അദ്ദേഹത്തിന്റെ സെക്രട്ടറി വി. കല്യാണം എഴുതിയ കുറിപ്പിൽ നിന്ന്:

ഡൽഹി ബി‍ർളാഹൗസ്.

1948 ജനുവരി 30 വെള്ളിയാഴ്ച. പുലർച്ചെ മൂന്നരയ്‌ക്ക് പ്രാർത്ഥനയ്‌ക്കായി ഞങ്ങൾ എഴുന്നേറ്റു. ഗാന്ധിജി കൊച്ചനന്തരവളായ ആഭയെ ഉറക്കമുണർത്താൻ വിളിച്ചതിനു ശേഷം ധ്യാന നിരതനായി. ആഭ അപ്പോഴും ഉറങ്ങുകയായിരുന്നു. പ്രാർത്ഥന കഴിഞ്ഞയുടൻ ഗാന്ധിജിയുടെ പ്രഭാത പാനീയം - തേനും നാരങ്ങാ നീരും ചേർത്ത ഒരു ഗ്ലാസ് ചൂടു വെള്ളം - എടുക്കാൻ മനു ബെൻ അടുക്കളയിലേക്കു പോയി. തിരികെ വന്ന മനുവിനോട് അദ്ദേഹം ഗുജറാത്തിയിൽ പറഞ്ഞു : ''പ്രാർത്ഥന ആത്മാവിനെ ശുദ്ധീകരിക്കാനുള്ള ഒരു ചൂലാണ്. ആഭ പ്രാർത്ഥനയിൽ പങ്കെടുക്കാത്തത് എന്നെ വേദനിപ്പിക്കുന്നു. പ്രാർത്ഥനയിൽ താത്പര്യമില്ലെങ്കിൽ അവൾക്ക് എന്നെ വിട്ടു പോകാം.''

അപ്പോഴേക്കും ആഭ എഴുന്നേറ്റ് ജോലികൾ തുടങ്ങിയിരുന്നു. ഞാൻ അദ്ദേഹത്തിന്റെ അരികിൽത്തന്നെ ഇരുന്നു. തലേന്ന് അദ്ദേഹം പറഞ്ഞു തന്ന, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പുതിയ ഭരണഘടന ടൈപ്പ് ചെയ്തത് മുന്നിൽ വച്ചു. കോൺഗ്രസ് പിരിച്ചുവിടാനും സാമൂഹ്യ സേവനത്തിനും ഗ്രാമോദ്ധാരണത്തിനും ഊന്നൽ നൽകി, അതിനെ പുനഃസംഘടിപ്പിക്കാനും ഗാന്ധിജി അതിൽ നിർദ്ദേശിച്ചിരുന്നു.

ഇപ്പോൾ ആ

ആഗ്രഹമില്ല

പാകിസ്ഥാനിൽ നിന്നുള്ള ഹിന്ദു അഭയാ‌ർത്ഥികളുടെ പ്രവാഹം സൃഷ്‌ടിച്ച വർഗീയ സംഘർഷങ്ങളിൽ ഡൽഹി കലുഷിതമായിരുന്നു. പരിഹാരം തേടി ഹിന്ദു, മുസ്ലീം സംഘങ്ങൾ ഗാന്ധിജിയെ കാണാനെത്തി. മന്ത്രിമാരും വി.ഐ.പികളും. 9 മണിക്ക് പണ്ഡിറ്റ് നെഹ്രു. രണ്ടു മണിക്ക് ലൈഫ് മാഗസിന്റെ ഫോട്ടോഗ്രാഫർ മാർഗരറ്റ് ബൂർക്ക്‌വൈറ്റ്. അവരുടെ ഒരു ചോദ്യം - 125 വയസു വരെ ജീവിക്കണമെന്ന് അങ്ങു പറയാറുണ്ട്. എന്തുകൊണ്ട് ആ പ്രതീക്ഷ ?​ ഗാന്ധിജിയുടെ മറുപടി: ഇപ്പോൾ എനിക്ക് ആ പ്രതീക്ഷയില്ല. ലോകത്തു നടക്കുന്ന കിരാത സംഭവങ്ങൾ തന്നെ കാരണം.

മുൻപ് ബി‍ർളാ ഹൗസിലെ പ്രഭാഷണങ്ങളിൽ ഖുറാനിലെ ഭാഗങ്ങൾ ഉദ്ധരിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ജനുവരി 20ന് ഗാന്ധിജിയുടെ പ്രാർത്ഥനാ യോഗത്തിനിടെ മദൻലാൽ എന്ന പഞ്ചാബി അഭയാർത്ഥി ബോംബെറിഞ്ഞിരുന്നു. ഗാന്ധിജിയുടെ നിലപാടുകളിൽ മുസ്ലീം പ്രീണനം ആരോപിച്ച് ഹിന്ദു മത തീവ്രവാദികൾ ക്ഷുഭിതരായിരുന്നു. അതാണ് ബോംബ് സ്ഫോടനത്തിൽ കലാശിച്ചത്. അതെല്ലാം കണക്കിലെടുത്ത് ആഭ്യന്തര മന്ത്രി സർദാർ പട്ടേൽ ഇത്തവണ ബി‍ർളാ ഹൗസിൽ കൂടുതൽ കോൺസ്റ്റബിൾമാരെ നിയോഗിച്ചു. എന്നാൽ സന്ദ‍ർശകരെ പൊലീസ് പരിശോധിക്കാൻ ഗാന്ധിജി അനുവദിച്ചില്ല.

നെഹ്രു - പട്ടേൽ ഭിന്നതകളിൽ ഗാന്ധിജി അസ്വസ്ഥനായിരുന്നു. പട്ടേലിന്റെ രാജി ആവശ്യപ്പെടാൻ പോലും ഗാന്ധിജി ആലോചിച്ചിരുന്നു. അന്ന് നാലു മണിക്ക് അദ്ദേഹം പട്ടേലിനെ ചർച്ചയ്‌ക്കു ക്ഷണിച്ചിരുന്നു. പുത്രി മണി ബെന്നിനൊപ്പം പട്ടേൽ എത്തി. പ്രാർത്ഥന 5 മണിക്കാണ്. പട്ടേലുമായുള്ള ചർച്ച കഴിഞ്ഞപ്പോൾ 5.10 ആയി. പട്ടേൽ മടങ്ങി. 15 മിനിറ്റ് വൈകി ഗാന്ധിജി പ്രാർത്ഥനാ വേദിയിലേക്ക്,​ 250ഓളം പേർ കാത്തിരിപ്പുണ്ട്. ആഭയുടെയും മനുവിന്റെയും തോളിൽ കൈയിട്ട് ഗാന്ധിജി നടന്നു. സമയം വൈകിയതിന് ആഭയെയും മനുവിനെയും ശകാരിച്ചു.

ചരിത്രം മാറ്റിയ

വെടിമുഴക്കം

വേദിയിലേക്ക് 25 അടി മാത്രം. അഞ്ചോ ആറോ അടി നടന്നപ്പോൾ കൊലയാളിയായ നാഥുറാം ഗോഡ്സെ തൊട്ടു മുന്നിൽ നിന്ന് തുരുതുരാ വെടിവച്ചു. ഗാന്ധിജി തൽക്ഷണം മരണമടഞ്ഞു. ചോരവാർന്ന് അദ്ദേഹം പിന്നിലേക്കു വീണു. അദ്ദേഹത്തിന്റെ ചെരുപ്പും കണ്ണടയും തെറിച്ചുവീണു. ബിർളാ ഹൗസ് പരിസരത്ത് ജനക്കൂട്ടം നിറഞ്ഞു. ഭൗതിക ദേഹം മുറിയിലേക്കു മാറ്റി. ഗാന്ധിജി ഉപയോഗിച്ചിരുന്ന വസ്‌തുക്കൾ കൈക്കലാക്കാൻ ആളുകൾ പിടിവലിയായി.ഗാന്ധിജി വെടിയേറ്റു വീണ സ്ഥലത്തെ മണ്ണ് ജനക്കൂട്ടം വാരിയെടുത്തു. അവിടെ വലിയൊരു കുഴി രൂപം കൊണ്ടു.

ഹേ റാം എന്ന്

പറഞ്ഞില്ല

വെടിയേറ്റു വീഴുമ്പോൾ ഗാന്ധിജി "ഹേ റാം" എന്ന് ഈശ്വരനെ വിളിച്ചെന്നാണ് പരക്കെ പ്രചരിക്കുന്നത്. ചുണ്ടിൽ രാമനാമവുമായി മരിക്കണമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ടെങ്കിലും മരണ നിമിഷം അദ്ദേഹം ഒരക്ഷരം പോലും ഉച്ചരിക്കാൻ സാദ്ധ്യതയില്ലായിരുന്നു. ബുദ്ധിമാനായ ഏതോ പത്രലേഖകന്റെ ഭാവനാവിലാസം മാത്രമായ ആ വാക്കുകൾക്ക് ആഗോള പ്രചാരം കിട്ടി. സത്യത്തിന്റെ അപ്പോസ്‌തലന്റെ നാവിൽ ശാശ്വതമായ ഒരു കള്ളം തിരുകിവയ്‌ക്കപ്പെട്ടു. ഗാന്ധിവധം അന്വേഷിച്ച കമ്മിഷൻ അന്ന് അടുത്തുണ്ടായിരുന്ന ഞങ്ങളിൽ ആരോടും സത്യാവസ്ഥ അന്വേഷിച്ചില്ല. ദൈവത്തിലേക്ക് നടന്നടുക്കുമ്പോഴാണ് മഹത്തായ ആ മരണം. ഒരു നിമിഷം പോലും ദുഃഖിക്കാതെ...വേദനിക്കാതെ...

(തയ്യാറാക്കിയത്: പി. സുരേഷ് ബാബു)​

Advertisement
Advertisement