പാകിസ്ഥാനിൽ ഇന്ധന വില കൂട്ടി

Monday 30 January 2023 6:29 AM IST

കറാച്ചി : സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാകിസ്ഥാനിൽ ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധനവിലയിൽ റെക്കാഡ് വർദ്ധന. പെട്രോളിനും ഡീസലിനും ഇന്നലെ 35 പാകിസ്ഥാനി രൂപ കൂട്ടി. കഴിഞ്ഞ ദിവസം ഡോളറിനെതിരെ 255 രൂപയായി പാക് കറൻസിയുടെ മൂല്യം ഇടിഞ്ഞിരുന്നു. മണ്ണെണ്ണ,​ ലൈറ്റ് ഡീസൽ ഓയിൽ എന്നിവയുടെ വിലയിൽ 18 രൂപയുടെ വർദ്ധനവുണ്ടായി. ഇന്നലെ ധനമന്ത്രി ഇഷാക് ദാർ വില വർദ്ധന പ്രഖ്യാപിച്ച് 10 മിനിട്ടിന് ശേഷം രാവിലെ 11 മണിക്ക് പുതുക്കിയ വില പ്രാബല്യത്തിൽ വന്നു.

ഡീസൽ ലിറ്ററിന് - 262.80 പാകിസ്ഥാനി രൂപ,​ പെട്രോൾ - 249.80 രൂപ,​ മണ്ണെണ്ണ - 189.83 രൂപ,​ ലൈറ്റ് ഡീസൽ ഓയിൽ - 187 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്കെന്ന് ധനമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ നാല് മാസം പെട്രോളിന്റെ വില കൂടിയിട്ടില്ലെന്നും ഡീസലിന്റെയും മണ്ണെണ്ണയുടെയും വില കുറച്ചിട്ടുണ്ടെന്നും ഇഷാക് ദാർ പറഞ്ഞു.

ഓയിൽ ആൻഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് വില വർദ്ധിപ്പിച്ചതെന്ന് ദാർ പറയുന്നു. വിലക്കയറ്റം പ്രതീക്ഷിച്ച് കൃത്രിമക്ഷാമവും ഇന്ധന പൂഴ്ത്തിവക്കലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇതിനെ ചെറുക്കാനാണ് വിലക്കയറ്റം ഉടനടി പ്രാബല്യത്തിൽ വരുത്തിയതെന്നും ദാർ പറഞ്ഞു. ധാന്യങ്ങൾക്കും മറ്റ് നിത്യോപയോഗ സാധാനങ്ങൾക്കും വില കുതിച്ചുയരുന്നതിനിടെയാണ് ഇന്ധന വിലക്കയറ്റവും. ഊർജ്ജത്തിനുൾപ്പെടെ രാജ്യത്ത് കടുത്ത ക്ഷാമം നിലനിൽക്കുകയാണ്. ഫെബ്രുവരി ഒന്ന് മുതൽ പെട്രോൾ വിലയിൽ 80 രൂപയുടെ വർദ്ധനവുണ്ടാകുമെന്ന തരത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിച്ചതോടെ ശനിയാഴ്ച രാജ്യത്തെ പമ്പുകളിൽ വൻ ജനത്തിരക്കാണുണ്ടായത്.