ഇറാനിൽ ഭൂചലനം 3 മരണം, 800 ലേറെ പേർക്ക് പരിക്ക്
Monday 30 January 2023 6:32 AM IST
ടെഹ്‌റാൻ : വടക്ക് പടിഞ്ഞാറൻ ഇറാനിൽ റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്ന് മരണം. 816 പേർക്ക് പരിക്കേറ്റു. തുർക്കി അതിർത്തിയോട് ചേർന്ന് വെസ്റ്റ് അസർബൈജാൻ പ്രവിശ്യയിലെ ഖോയ് നഗരത്തിൽ പ്രാദേശിക സമയം ശനിയാഴ്ച രാത്രി 9.44ഓടെയായിരുന്നു ഭൂചലനം. ഏകദേശം 200,000 പേരാണ് ഖോയ് നഗരത്തിലുള്ളത്. മേഖലയിൽ 20ലേറെ തീവ്രത കുറഞ്ഞ തുടർ ചലനങ്ങളും രേഖപ്പെടുത്തി. നിരവധി വീടുകൾക്ക് കേടുപാടുണ്ട്.
പാകിസ്ഥാനിലും ഭൂചലനം
പാകിസ്ഥാനിൽ ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 12.54 ഓടെ റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ആളപായമോ നാശനഷ്ടമോ ഇല്ല. താജികിസ്ഥാനിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇസ്ലാമാബാദ്, റാവൽപിണ്ടി തുടങ്ങിയ നഗരങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു.