പാകിസ്ഥാനിൽ രണ്ട് അപകടങ്ങളിലായി 51 മരണം

Monday 30 January 2023 6:32 AM IST

ഇസ്ലാമാബാദ് : പാകിസ്ഥാനിൽ രണ്ട് വ്യത്യസ്ത അപകടങ്ങളിലായി 51 മരണം. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ബേല നഗരത്തിന് സമീപം കറാച്ചിയിലേക്ക് പോവുകയായിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് തീപിടിച്ച് 41 പേർ ദാരുണമായി മരിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ ആകാത്ത വിധമാണെന്നും ഡി.എൻ.എ പരിശോധകൾ നടത്തിയ ശേഷം ബന്ധുക്കൾക്ക് കൈമാറുമെന്നും പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഒരു പാലത്തിലൂടെ കടന്നുപോകവെ തൂണിൽ ഇടിച്ച ശേഷമാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്. അതേ സമയം, ഖൈബർ പക്‌തുൻഖ്വയിലെ കോഹാട്ടിന് സമീപമാണ് രണ്ടാമത്തെ അപകടം. ഇവിടെ താൻഡാ തടാകത്തിൽ ബോട്ട് മറിഞ്ഞ് 10 കുട്ടികൾ മരിച്ചു. 11നും 13നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച കുട്ടികൾ. 9 പേരെ കാണാനില്ല. 11 പേരെ രക്ഷപ്പെടുത്തി. ഇതിൽ 6 പേരുടെ നില ഗുരുതരമാണ്. ഒരു പ്രാദേശിക മത പാഠശാലയിൽ നിന്നുള്ള ഏകദിന വിനോദ യാത്രാ സംഘമാണ് അപകടത്തിൽപ്പെട്ടത്.