വൈറ്റ്‌ഹൗസ് ലക്ഷ്യമിട്ട് പ്രചാരണം തുടങ്ങി ട്രംപ്

Monday 30 January 2023 6:38 AM IST

ന്യൂയോർക്ക് : യു.എസിൽ 2024ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിനുള്ള പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ഡൊണാൾഡ് ട്രംപ്. ന്യൂഹാംപ്‌ഷെയറിലും സൗത്ത് കാരലൈനയിലുമാണ് ട്രംപ് തന്റെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. അമേരിക്കയെ വീണ്ടും മഹത്ത്വമുള്ളതാക്കുമെന്ന് സൗത്ത് കാരലൈനയിൽ നടന്ന പരിപാടിയിൽ ട്രംപ് പറഞ്ഞു. നവംബറിലാണ് താൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഇതിന് ശേഷം ട്രംപ് പൊതുവേദികളെ അഭിസംബോധന ചെയ്യുന്നില്ലെന്ന് വിമർശനം ഉയർന്നിരുന്നു. സമ്പദ്‌വ്യവസ്ഥ, കുടിയേറ്റം, കുറ്റകൃത്യം തുടങ്ങിയ മേഖലകളിൽ പ്രസിഡന്റ് ജോ ബൈഡന് വീഴ്ചകളുണ്ടാകുന്നെന്നും ട്രംപ് കുറ്റപ്പെടുത്തി. താനിപ്പോൾ കൂടുതൽ ദേഷ്യത്തിലാണെന്നും എന്നാൽ എന്നത്തേക്കാളും കൂടുതൽ പ്രതിബന്ധത ഇപ്പോൾ തനിക്കുണ്ടെന്നും ട്രംപ് പറഞ്ഞു. അതേ സമയം, പാർട്ടിക്കുള്ളിലെ മറ്റ് പ്രസിഡൻഷ്യൽ നോമിനികളിൽ നിന്ന് ട്രംപ് കടുത്ത മത്സരം നേരിട്ടേക്കുമെന്നാണ് വിലയിരുത്തൽ. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്, മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, മുൻ സൗത്ത് കാരലൈന ഗവർണർ നിക്കി ഹാലി എന്നിവർ വരും മാസങ്ങളിൽ മത്സരത്തിനുള്ള തീരുമാനം പ്രഖ്യാപിച്ചേക്കുമെന്ന് കരുതുന്നു. ഡിസാന്റിസിലേക്കാണ് ഏവരും ഉറ്റുനോക്കുന്നതെങ്കിലും മത്സരിക്കുന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

Advertisement
Advertisement