ചൈനീസ് റെസ്‌റ്റോറന്റിൽ ജ്യൂസിന് പകരം നൽകിയത് ലിക്വിഡ് ഡിറ്റർജന്റ്
ബീജിംഗ് : കിഴക്കൻ ചൈനയിൽ റെസ്റ്റോറന്റിൽ നിന്ന് ഫ്രൂട്ട് ജ്യൂസിന് പകരം ലിക്വിഡ് ഡിറ്റർജന്റ് കുടിച്ച ഏഴ് പേർ ആശുപത്രിയിൽ. ജനുവരി 16ന് ഷെജിയാംഗ് പ്രവിശ്യയിലാണ് സംഭവം നടന്നത്. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം റെസ്റ്റോറന്റിലെത്തിയതായിരുന്നു ഒരു യുവതി. സ്ഥാപനത്തിലെ വെയിറ്റർ ഫ്രൂട്ട് ജ്യൂസ് എന്ന് തോന്നിക്കുന്ന ദ്രാവകം കുപ്പിയിൽ ഇവർക്ക് മുന്നിൽ എത്തിച്ചു.
ജ്യൂസാണെന്ന് കരുതി യുവതി കുപ്പിയിലെ ദ്രാവകം എല്ലാവർക്കും വീതം വച്ചുനൽകി. എന്നാൽ രുചിയിലെ വ്യത്യാസം തോന്നിയതോടെ എല്ലാവരും ദ്രാവകം കുടിക്കുന്നത് നിറുത്തി. എന്നാൽ ഇതിനോടകം തന്നെ ഇവർക്ക് അസ്വസ്ഥതകൾ തോന്നി തുടങ്ങി. തൊണ്ടയും വരണ്ടു. സമയം പാഴാക്കാതെ ആശുപത്രിയിലെത്തി ചികിത്സ തേടിയതിനാൽ വൻ അപകടം ഒഴിവായി.
ഏഴ് പേരുടെയും നില തൃപ്തികരമാണെന്നും ഇവർക്ക് റെസ്റ്റോറന്റ് നഷ്ടപരിഹാരം നൽകുമെന്നും പൊലീസ് പറയുന്നു. കാഴ്ചയ്ക്ക് പ്രശ്നമുള്ള ഒരു ജീവനക്കാരിക്ക് അബദ്ധത്തിൽ ജ്യൂസിന്റെയും നിലം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഡിറ്റർജന്റിന്റെയും കുപ്പികൾ മാറി പോയെന്നാണ് റെസ്റ്റോറന്റിന്റെ വിശദീകരണം. തെറ്റ് തന്റെ ഭാഗത്താണെന്നും പരിചയക്കുറവുണ്ടെന്നും ജീവനക്കാരിയും സമ്മതിച്ചു.
അതേ സമയം, ഏത് തരത്തിലെ ലിക്വിഡ് ഡിറ്റർജന്റാണ് ഇവരുടെ ഉള്ളിലെത്തിയതെന്ന് വ്യക്തമല്ല. നിറത്തിലും പാക്കിംഗിലും ഓറഞ്ച് ജ്യൂസ് എന്ന് തോന്നിക്കുന്ന ഫ്ലോർ ക്ലീനിംഗ് ബ്രാൻഡുകളും മറ്റും ചൈനീസ് മാർക്കറ്റുകളിൽ ലഭ്യമാണ്. പാക്കിന് പുറത്ത് വിദേശ ഭാഷകൾ രേഖപ്പെടുത്തിയിട്ടുള്ള ഇത്തരം ബ്രാൻഡുകൾ ചൈനീസ് ഓൺലൈൻ സൈറ്റുകളിലും ധാരാളമാണ്. ഭാഷ അറിയാത്തവർ ഇത്തരത്തിലെ ബ്രാൻഡുകളെ ജ്യൂസായി തെറ്റിദ്ധരിക്കാൻ സാദ്ധ്യതയേറെയാണ്.