ഓസ്ട്രേലിയയിൽ ദേശീയപതാകയുമായി പ്രകടനം നടത്തിയ ഇന്ത്യക്കാർക്ക് നേരെ ആക്രമണം; അഞ്ച് പേർക്ക് പരിക്ക്| വീഡിയോ

Monday 30 January 2023 6:56 PM IST

സിഡ്നി: ദേശീയ പതാകയേന്തിയ ഇന്ത്യക്കാർക്ക് നേരെ ഓസ്ട്രേലിയയിൽ ആക്രമണം. ഖലിസ്ഥാൻ അനുകൂലികളാണ് റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ പതാകയുമായി സഞ്ചരിച്ച ഇന്ത്യക്കാരെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം ബിജെപി നേതാവ് മൻജിന്തർ സിംഗ് സർസ ട്വിറ്റർ വഴി പങ്കുവെയ്ക്കുകയായിരുന്നു.

ഖലിസ്ഥാൻ അനുകൂല പതാകയുമായി സംഘടിച്ചെത്തിയ അക്രമികൾ ഇന്ത്യക്കാരെ ആക്രമിക്കുകയായിരുന്നു. ചിതറി ഓടിയവരിൽ നിന്ന് ഇന്ത്യക്കാരെ തിരഞ്ഞുപിടിച്ച് വടികൾ ഉപയോഗിച്ച് മർദ്ദിക്കുന്നതും ത്രിവർണ പതാകയെ നശിപ്പിക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റതായാണ് വിവരം.

ഖലിസ്ഥാൻ അനുകൂലികളുടെ നേതൃത്വത്തിൽ നടന്ന ഇന്ത്യാ വിരുദ്ധ ആക്രമണത്തിൽ ശക്തമായി അപലപിച്ച ബിജെപി നേതാവ് സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച സാമൂഹ്യവിരുദ്ധരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യക്കാരെ ആക്രമിച്ച സംഭവത്തിൽ പങ്കാളികളായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തതായി വിക്ടോറിയ പൊലീസ് ഡിപ്പാർട്ട്മെന്റ് ഇതിനോടകം തന്നെ അറിയിച്ചുണ്ട്.

അതേസമയം കഴിഞ്ഞ ആഴ്ച മെൽബണിലെ ഹിന്ദുക്ഷേത്രത്തിന് നേരെയും ഇന്ത്യാ വിരുദ്ധരുടെ ആക്രമണമുണ്ടായിരുന്നു. വടക്കൻ മെൽബൺ മിൽ പാർക്കിലെ പ്രമുഖ സ്വാമി നാരായണ ക്ഷേത്രത്തിലാണ് ആക്രമണം നടന്നത്. ക്ഷേത്രത്തിന്റെ ചുവരുകളിൽ ഹിന്ദുസ്ഥാൻ മൂർദാബാദ് അടക്കമുള്ള മുദ്രാവാക്യങ്ങൾ കുറിക്കുകയും അപകീർത്തികരമായ ചിത്രങ്ങൾ വരച്ചിടുകയുമായിരുന്നു. ഖലിസ്ഥാൻ അനുകൂലികളാണ് സംഭവത്തിന് പിന്നിലെന്നാണ് മെൽബൺ പൊലീസിന്റെ നിഗമനം. ഇതിനെ ശരി വെയ്ക്കുന്ന തരത്തിൽ ഖലിസ്ഥാൻ വാദി ജർണയിൽ സിംഗ് ഭിന്ദ്രൻ വാലയെ പ്രശംസിക്കുന്ന ലഘുലേഖകൾ ക്ഷേത്രത്തിൽ നിന്ന് കണ്ടെടുത്തിയിരുന്നു.