സിദ്ധിഖ് കാപ്പന്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങുന്നു; അവസാനഘട്ട നടപടികൾക്കായി ജാമ്യക്കാരോട് ഹാജരാകാൻ കോടതി നിർദേശം

Monday 30 January 2023 8:43 PM IST

ന്യൂഡൽഹി: മലയാളി മാദ്ധ്യമപ്രവർത്തതകൻ സിദ്ധിഖ് കാപ്പൻ ഉടനെ തന്നെ ജയിൽ മോചിതനായേക്കും. കലാപശ്രമം അടക്കമുള്ള കേസുകൾ ചുമത്തി യു പി പൊലീസ് അറസ്റ്റ് ചെയ്ത സിദ്ധിഖ് കാപ്പന് ജാമ്യം ലഭ്യമാക്കുന്നതിനായുള്ള വെരിഫിക്കേഷൻ നടപടികൾ പുരോഗമിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയായി റിലീസ് ഓർഡർ പുറത്തിറക്കുന്ന മുറയ്ക്കായിരിക്കും മോചനം സാദ്ധ്യമാവുക.

യുഎപിഎ അടക്കമുള്ള ഗുരുതരസ്വഭാവമുള്ള കേസുകൾ ചുമത്തിയതിനാൽ സിദ്ധിഖ് കാപ്പൻ വർഷങ്ങളായി ജയിലിൽ തുടർന്ന് വരികയായിരുന്നു. കഴിഞ്ഞ സെപ്തംബറിൽ യുഎപിഎ കേസിലും ഡിസംബറിൽ അലഹബാദ് ഹൈക്കോടതി ഇ ഡി കേസിലും ജാമ്യം അനുവദിച്ചിരുന്നു.

യുഎപിഎ കേസിൽ യു പി പൊലീസിന്റെ വെരിഫിക്കേഷൻ നടപടികൾ നേരത്തെ തന്നെ പൂർത്തിയായിരുന്നു. ഇ ഡി കേസിൽ ഇന്ന് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായി. കാപ്പന് വേണ്ടി ജാമ്യം നിന്നവർ നാളെ ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. അവസാനഘട്ട നടപടികൾക്ക് ശേഷം റിലീസ് ഓർഡർ ലക്നൗ ജയിലിലേയ്ക്കയച്ചാൽ സിദ്ധിഖ് കാപ്പന്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങും.

ഹത്രാസിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാനുള്ള യാത്രയ്ക്കിടെ 2020 ഒക്ടോബർ അഞ്ചിനാണ് സിദ്ധിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.