കാട്ടാനകളിൽ നിന്ന് പയ്യാവൂർ സുരക്ഷിതം: സൗരോർജ തൂക്കുവേലി അവസാനഘട്ടം

Monday 30 January 2023 9:49 PM IST

പയ്യാവൂർ: കണ്ണൂർ ജില്ലയിലെ വനാതിർത്തികളിൽ കാട്ടാനയുമായുള്ള സംഘർഷം വർദ്ധിച്ച് കൃഷിയിടങ്ങൾ നശിപ്പിക്കപ്പെടുകയും മനുഷ്യരുടെ ജീവന് തന്നെ ഭീഷണിയായി മാറുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത്. വനം വകുപ്പുമായി ചേർന്ന് ആദ്യഘട്ടത്തിൽ പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ 11 കിലോമീറ്റർ സൗരോർജ തൂക്കുവേലി പൂർത്തിയാക്കി. പയ്യാവൂർ മണിക്കടവ് ശാന്തിനഗറിലെ സൗരോർജ തൂക്കവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ എന്നിവരടങ്ങിയ സംഘം ഇന്നലെ സന്ദർശിച്ചു.

ഉദയഗിരി, ഉളിക്കൽ, എരവേശ്ശി ഗ്രാമപഞ്ചായത്തുകളിലും തൂക്കുവേലി സ്ഥാപിക്കും. ഇതോടെ വനാതിർത്തിയിലെ 41 കിലോമീറ്ററിൽ സൗരോർജ തൂക്കവേലിയുടെ സംരക്ഷണം ലഭിക്കും. ജില്ലാ പഞ്ചായത്ത് വിഹിതത്തിനൊപ്പം ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് വിഹിതവും ചേർത്താണ് പദ്ധതി നടപ്പിലാക്കുന്നത്. മലയോര ഗ്രാമസഭയിൽ നിന്നും പ്രധാനമായി ഉയർന്നുവന്ന നിർദേശം തൂക്കുവേലി സ്ഥാപിക്കണം എന്നതായിരുന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കെ.കെ.രത്നകുമാരി, അംഗം എൻ.പി.ശ്രീധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടെസ്സി ഇമ്മാനുവൽ( എരവേശ്ശി) സാജു സേവ്യർ(പയ്യാവൂർ), കെ എസ് ചന്ദ്രശേഖരൻ(ഉദയഗിരി), പി സി ഷാജി(ഉളിക്കൽ), കണ്ണൂർ ഡി എഫ് ഒ പി കാർത്തിക് എന്നിവരും സംഘത്തിലുണ്ടായിരുന്നു.പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ 11 കിലോ മീറ്ററിൽ തൂക്കുവേലി സ്ഥാപിച്ചതിന് ജില്ലാ പഞ്ചായത്ത് 45 ലക്ഷവും ഗ്രാമപഞ്ചായത്ത് 30 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് വിഹിതം അഞ്ച് ലക്ഷവുമാണ് ചിലവിട്ടത്.

മാതൃകയായത് കർണാടക,​ തമിഴ്നാട്

കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ സ്വകാര്യ സംരംഭങ്ങളിലടക്കം ഇത്തരത്തിൽ നിർമ്മിച്ചിട്ടുള്ള തൂക്കുവേലികൾ കാട്ടാനകളെ പ്രതിരോധിക്കുന്നുണ്ട്. ഇത്തരം വേലികൾ നിർമ്മിക്കാൻ സംസ്ഥാനത്ത് ആർക്കും ലൈസൻസില്ല.പൊലീസ് കൺസ്ട്രക്ഷൻ സൊസൈറ്റി മുൻകൈയെടുത്താണ് ടെൻഡർ നടപടികൾ സ്വീകരിച്ചത്. മൈസൂരിലെ സ്വകാര്യ കമ്പനിയാണ് വേലി നിർമ്മിക്കുന്നത്.ഏപ്രിൽ ആദ്യമാണ് വേലിയുടെ നിർമ്മാണം തുടങ്ങിയത്.

തൂക്ക വേലികൾ ഇങ്ങനെ

അൻപത് മീറ്റർ ഇടവിട്ട് 15 അടി ഉയരമുള്ള ഇരുമ്പ് പൈപ്പുകൾ

രണ്ട് ലൈനുകളിലായി വൈദ്യുതി പ്രവഹിക്കുന്ന സ്പ്രിംഗ് കേബിളുകൾ

വൈദ്യുതി പ്രവഹിക്കുന്ന സ്റ്റീൽ വയറുകൾ തറ നിരപ്പിൽനിന്ന് മൂന്ന് അടിവരെ ഉയരത്തിൽ

 വനംവകുപ്പിന്റെ സഹായത്തോടെ ആനകളെ കാട്ടിലേക്ക് തുരത്തിയ ശേഷം വേലി ചാർജ് ചെയ്യും. വേലിയുടെ അറ്റകുറ്റപണിക്കായി രണ്ട് തൊഴിലാളികൾ

ഉദയഗിരി ഗ്രാമപഞ്ചായത്തിൽ 11 കി.മി

ഉളിക്കൽ ഗ്രാമപഞ്ചായത്തിൽ 14.5 കി.മി

എരുവേശ്ശി ഗ്രാമപഞ്ചായത്തിൽ 4.5 കി.മി