വിനോദസഞ്ചാരികൾക്ക് ഉത്തരായനം- 7 ഉയരണം , ഉത്തരവാദിത്വ ടൂറിസം

Monday 30 January 2023 10:15 PM IST

കണ്ണൂർ: ഓരോ പഞ്ചായത്തിലും ഒരോ വിനോദസഞ്ചാര കേന്ദ്രങ്ങളെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തോടടുക്കുകയാണ് കണ്ണൂർ,​ കാസർകോട് ജില്ലകളുൾപ്പെടുന്ന വടക്കെ മലബാർ. പി. എ. മുഹമ്മദ് റിയാസ് ടൂറിസം മന്ത്രിയായതോടെ ആദ്യം ഏറ്റെടുത്ത പ്രധാന പദ്ധതികളിലൊന്നായിരുന്നു ഗ്രാമങ്ങളിലേക്ക് വിദേശ സഞ്ചാരികളെ ആകർഷിക്കുക എന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

പഞ്ചായത്തുകൾ ടൂറിസം കേന്ദ്രങ്ങൾ നിർണയിച്ച് പദ്ധതി ജില്ലാ പഞ്ചായത്തിന് സമർപ്പിച്ചു കഴിഞ്ഞു.

ഇത് ജില്ലാ പഞ്ചായത്ത് വിനോദസഞ്ചാരവകുപ്പിന്റെ അംഗീകാരത്തിനായി കൈമാറി. ടൂറിസം കേന്ദ്രത്തിലെ കാഴ്ചകൾ, സമീപത്തെ തീർത്ഥാടന കേന്ദ്രങ്ങൾ, വാഹന റൂട്ട് എന്നിവയടക്കമുള്ള വിവരങ്ങളാണ് റിപ്പോർട്ടിൽ. ജില്ലാ പഞ്ചായത്താണ് പദ്ധതി നടപ്പാക്കുന്നതിന് നേതൃത്വം നൽകുന്നത്.

വർദ്ധിക്കണം ഗുണമേന്മ

വിനോദസഞ്ചാര അനുഭവത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനാകണം മലബാർ മുൻഗണന നൽകേണ്ടത്. ഗുണകരമായ ജനകീയ ഇടപെടൽ വിനോദസഞ്ചാരരംഗത്ത് ഉണ്ടാകണം. പരിസ്ഥിതിയെ പോറലേൽപ്പിക്കാതെ, അതേസമയം പ്രകൃതിസൗന്ദര്യം പ്രയോജനപ്രദമാക്കുന്ന വികസനമാണ് ടൂറിസത്തിൽ ഉണ്ടാകേണ്ടത്.
സാംസ്‌കാരിക പൈതൃകവും പ്രകൃതി സൗന്ദര്യവും ജൈവവൈവിദ്ധ്യവും മുതൽക്കൂട്ടാക്കി മലബാറിനെ ലോകത്തിന്റെ വിനോദസഞ്ചാരമേഖലയിലെ ശ്രദ്ധേയ സാന്നിദ്ധ്യമാക്കി മാറ്റാനാകണം. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് ഏറെ തൊഴിൽസാദ്ധ്യതകളാണ് വിനോദസഞ്ചാരമേഖലയിൽ സൃഷ്ടിക്കാനാകുന്നത്. പ്രവാസികളുടെയും സംരംഭക തൽപ്പരരുടെയും സഹായത്തോടെ വിനോദസഞ്ചാരമേഖലയിൽ മുന്നേറ്റം കൊണ്ടുവരാനാകും.

വിനോദസഞ്ചാരമേഖലകളിൽ ജീവിക്കുന്നവർക്ക് അതായത് തദ്ദേശവാസികൾക്കുകൂടി പ്രയോജനപ്പെടുന്നതാകണം ടൂറിസമെന്നതാണ് സർക്കാർനയം. ഉത്തരവാദിത്ത ടൂറിസത്തിനാണ് ഊന്നൽ. ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ ലഭ്യമാകുന്ന വരുമാനത്തിന്റെ മുഖ്യപങ്ക് അവിടത്തെ തദ്ദേശവാസികൾക്ക് ലഭ്യമാക്കേണ്ടതാണെന്ന ആശയമാണ് സാമ്പത്തിക ഉത്തരവാദിത്ത ടൂറിസം മുന്നോട്ടുവച്ചിട്ടുള്ളത്. ഇതുവഴി പ്രദേശവാസികൾക്ക് അധികം വരുമാനം ലഭിക്കുന്ന ഒന്നായോ, മുഖ്യവരുമാനം ലഭ്യമാക്കുന്ന ഒന്നായോ ടൂറിസത്തെ മാറ്റുകയാണ് ലക്ഷ്യം.

ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയിട്ടുള്ള ഗ്രാമീണ ടൂറിസം പാക്കേജ് മേൽപ്പറഞ്ഞ തനതു സംസ്‌കാരത്തെയും പൈതൃകത്തെയും തന്മയത്വത്തോടുകൂടി ടൂറിസ്റ്റുകൾക്കു മുന്നിൽ അവതരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഈ പാക്കേജുകളിലൂടെ പരമ്പരാഗത തൊഴിൽമേഖലയുടെ സംരക്ഷണവും തദ്ദേശവാസികൾക്ക് വരുമാനവും ഉറപ്പാക്കുന്നു. ഇതിനൊപ്പം ടൂറിസ്റ്റുകൾക്ക് ആ പ്രദേശത്തെ പ്രത്യേകതകളും സാംസ്‌കാരികതയും മനസ്സിലാക്കാൻ അവസരവും ഒരുക്കുന്നു.

പരമ്പരാഗത തൊഴിലുകളായ കയർ, കൈത്തറി, മൺപാത്രനിർമാണം, കള്ള് ചെത്തൽ എന്നിവയിൽ അധിഷ്ഠിതമായ ഗ്രാമീണ ടൂറിസംപാക്കേജുകൾ പ്രോത്സാഹിപ്പിക്കും. പരമ്പരാഗത തൊഴിലുകളെയും കരകൗശല നിർമാണത്തെയും അനുഷ്ഠാന ശാസ്ത്രീയകലകളെയും വിനോദസഞ്ചാരത്തിന്റെ ഭാഗമാക്കുന്നതുവഴി തദ്ദേശീയർക്ക് വരുമാനം ലഭ്യമാക്കുന്ന പ്രവർത്തനം ഉത്തരവാദിത്ത ടൂറിസം മിഷൻ ഏറ്റെടുക്കേണ്ടതുണ്ട്.

( അവസാനിച്ചു)​

Advertisement
Advertisement