പുതിയ മെഡിക്കൽ കോളേജ് കെട്ടിടം കാടുപിടിച്ചിട്ടും തുറക്കാൻ മടി

Tuesday 31 January 2023 4:44 AM IST

തിരുവനന്തപുരം: കിടക്കയില്ലാതെ കൊടും തണുപ്പിൽ തറയിൽ കിടന്നും, എലി കടിയേറ്റും സർക്കാർ ആശുപത്രികളിലെ രോഗികൾ എണ്ണിയാലൊടുങ്ങാത്ത ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോൾ ജനറൽ ആശുപത്രി വളപ്പിൽ കോടികൾ മുടക്കി പണിത അത്യാധുനിക മെഡിക്കൽ കോളേജ് കെട്ടിടം ആർക്കും പ്രയോജനപ്പെടാതെ കാടുപിടിക്കുന്നു.

ആരോഗ്യരംഗത്ത് നേട്ടങ്ങൾ അക്കമിട്ട് നിരത്തുന്ന സർക്കാർ ഇത് കണ്ടില്ലെന്നുനടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. നിലവിലുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിദിനം 5000ഓളം ഒ.പിയും ആശുപത്രിക്ക്‌ ഉൾക്കൊള്ളാൻ കഴിയാത്തത്ര രോഗികളും അഡ്‌മിറ്റ്‌ ചെയ്യുന്ന സാഹചര്യത്തിലാണ്‌ 2016ൽ ജില്ലയിൽ രണ്ടാമതൊരു മെഡിക്കൽ കോളേജ്‌ കെട്ടിടം പണിയാൻ പദ്ധതിയിട്ടത്.

ജനറൽ ആശുപത്രിയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും സംയോജിപ്പിച്ച് ഇന്ദിരാ ഗാന്ധി മെഡിക്കൽ കോളേജ് എന്ന പേരിൽ പുതിയ കെട്ടിടത്തിന് കേന്ദ്ര സർക്കാർ അനുമതി നേടിയത്. 2016ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും വി.എസ്.ശിവകുമാർ ആരോഗ്യമന്ത്രിയുമായിരുന്നപ്പോൾ കെട്ടിടം നിർമ്മിച്ച് ഉദ്ഘാടനവും നിർവഹിച്ചു. എന്നാൽ സർക്കാർ മാറിയതോടെ പദ്ധതി ഉദ്ഘാടനത്തിലൊതുങ്ങി. ആറുവർഷമായി കെട്ടിടം സ്‌മാരകമായി തുടരുന്നു. 1,38,000 ചതുരശ്ര അടിയിൽ 190.54 കോടി രൂപ ചെലവഴിച്ചായിരുന്നു നിർമ്മാണം.

നിലവിൽ കെട്ടിടം ഡയറക്ടറേറ്റ് ഒഫ് മെഡിക്കൽ എഡ്യുക്കേഷന്റെ (ഡി.എം.ഇ) കീഴിലാണ്. ജനറൽ ആശുപത്രി ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെ കീഴിലായതിനാൽ ജനറൽ ആശുപത്രി അധികൃതർക്ക് കെട്ടിടം ഏറ്റെടുക്കാനാവുന്നില്ല. കൊവിഡ് കാലത്ത് കളക്ടർ ഇടപെട്ടെങ്കിലും ഫലം കണ്ടില്ല. സ്ഥലം വിട്ടുകൊടുക്കാൻ ഡി.എം.ഇ തയാറാകാത്തതും വെല്ലുവിളിയാണ്.

Advertisement
Advertisement