അപ്രോച്ച് റോഡ് വൈകുന്നതിൽ പ്രതിഷേധിച്ച് , കൊമ്മാടിപ്പാലം തുറന്ന് കൊടുത്ത് നാട്ടുകാർ
ആലപ്പുഴ: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ പുതുക്കിപ്പണിത കൊമ്മാടിപ്പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണം വൈകുന്നതിനെത്തുടർന്ന് ഉദ്ഘാടനം വൈകുന്നതിൽ പ്രതിഷേധിച്ച് , പാലം ഗതാഗതത്തിന് തുറന്നു കൊടുത്ത് നാട്ടുകാർ . പാലത്തിന്റെ കോൺക്രീറ്റ് നിർമ്മാണം പൂർത്തികരിച്ചിട്ട് അഞ്ചുമാസമായിരുന്നു .
പുനർനിർമ്മിച്ച പാലത്തിന്റെ ഇരുവശങ്ങളെയും പഴയ റോഡുമായി ബന്ധിപ്പി ക്കുന്ന ഭാഗം ഗ്രാവലും മണ്ണും ഉപയോഗിച്ച് ഉയർത്തിയാണ് നാട്ടുകാർ ഗതാഗതത്തിന് തുറന്ന് കൊടുത്തത്. കൊമ്മാടിപ്പാലത്തിന്റെ നിർമാണം അടിയന്തരമായി പൂർത്തിയാക്കി കഴിഞ്ഞ ആഗസ്റ്റിൽ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് പി.പി ചിത്തരഞ്ജൻ എം.എൽ.എ വാഗ്ദാനം നൽകിയിരുന്നെങ്കിലും പാലിക്കാനായില്ല. ആലപ്പുഴ ബൈപാസ് പൂർത്തീകരിച്ചിട്ടും നഗരത്തിലെ ഗതാഗതക്കുരുക്കിന് പ്രതീക്ഷിച്ചത്ര കുറവുണ്ടാകാത്ത സാഹചര്യത്തിലാണ് ഇടുങ്ങിയ കൊമ്മാടി പാലം പുനർനിർമ്മിക്കാൻ തീരുമാനിച്ചത്. . പാലത്തിനോട് ചേർന്ന് കിഴക്കേക്കരയിൽ സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോർമറുകളും വൈദ്യുതി ലൈനുകളും കേബിളുകളും മാറ്റിസ്ഥാപിക്കാനും കുടിവെള്ളവിതരണക്കുഴലുകൾ മാറ്റാനും കാലതാമസമുണ്ടായതാണ് നിർമ്മാണം ആദ്യം വൈകിച്ചത്. അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തീകരിച്ചാൽ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കഴിഞ്ഞ സർക്കാരിൽ പൊതു മരാമത്ത് മന്ത്രിയായിരുന്ന ജി.സുധാകരൻ മുൻകൈയെടുത്താണ് ശവക്കോട്ട പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കാനും കൊമ്മാടി പാലം പുനർനിർമ്മിക്കാനും പദ്ധതി തയ്യാറാക്കിയത്.
കൊമ്മാടി പാലം
നിർമ്മാണം ആരംഭിച്ചത് 2019 ഡിസംബറിൽ
ലക്ഷ്യമിട്ടത് 12മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ
ആദ്യം ജോലികൾ വൈകിയത്. കൊവിഡിനെ തുടർന്ന്
പിന്നീട് വിവിധ കാരങ്ങളാൽ നിർമ്മാണം വൈകി
നിർമ്മാണ ചുമതല കേരള റോഡ് ഫണ്ട് ബോർഡിന്