ജനം നൽകിയത് ഗ്രനേഡല്ല; ഹൃദയങ്ങളെന്ന് രാഹുൽ

Tuesday 31 January 2023 12:59 AM IST

ന്യൂഡൽഹി:ഭാരത് ജോഡോ യാത്രയിൽ ജനങ്ങൾ നൽകിയത് ഗ്രനേഡല്ല , സ്നേഹം നിറഞ്ഞ ഹൃദയങ്ങളാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യാത്രയിലുടനീളം ജനങ്ങൾ നൽകിയ സ്നേഹം പലപ്പോഴും വികാരാധീനനാക്കിയതായി അദ്ദേഹം പറഞ്ഞു.

കനത്ത മഞ്ഞുവീഴ്ചയെ കൂസാതെയായിരുന്നു സമാപന സമ്മേളനത്തിലെ രാഹുലിന്റെ

പ്രസംഗം. കാശ്മീരിൽ വച്ച് ആക്രമണം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ ജനങ്ങൾ ഹൃദയം നിറഞ്ഞ സ്നേഹമാണ് നൽകിയത്. ഒരു ബി.ജെ.പി നേതാവിനും ഇതുപോലെ കാശ്മീരിലൂടെ പദയാത്ര നടത്താനാകില്ല. കാരണം, അവർക്ക് ഭയമാണ്.

പ്രിയപ്പെട്ടവർ കൊല്ലപ്പെട്ടതിന്റെ വേദനയറിഞ്ഞവരാണ് ഞാനും പ്രിയങ്കയും. നരേന്ദ്ര മോദിക്കോ അമിത് ഷായ്ക്കോ അജിത് ഡോവലിനോ ഉറ്റവരെ നഷ്ടപ്പെടുമ്പോഴുള്ള ആ വേദന അറിയില്ലെന്ന് ഇന്ദിരഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും രക്തസാക്ഷിത്വം ഓർമ്മിപ്പിച്ച് രാഹുൽ പറഞ്ഞു.

യാത്രയ്ക്ക് ഇറങ്ങി പുറപ്പെടുമ്പോൾ ഇത് പൂർത്തിയാക്കാനാകുമോയെന്ന് ഉറപ്പില്ലായിരുന്നു. ജനങ്ങളുടെ പിന്തുണ കൊണ്ടാണ് 3500 കിലോമീറ്റർ പിന്നിട്ട് യാത്ര പൂർത്തിയാക്കാൻ സാധിച്ചത്. ജനങ്ങളുടെ പിന്തുണ കണ്ണ് നനയ്ക്കുന്നതാണ്. യാത്രയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഒരുപാട് പേരെ കണ്ടുമുട്ടി. നിരവധി സ്ത്രീകൾ കരഞ്ഞു കൊണ്ടാണ് വേദന നിറഞ്ഞ അനുഭവങ്ങൾ പങ്കു വച്ചത്. വെറുപ്പ് വിതയ്ക്കുന്ന കൊലപാതകങ്ങൾ ഇല്ലാതാക്കാനാണ് യാത്ര നടത്തിയത്. രാജ്യത്തിനായാണ് തന്റെ ഈ പോരാട്ടം. പരമ്പരാഗത കാശ്മീരി ഫെറാൻ ധരിച്ചാണ് രാഹുൽ ചടങ്ങിൽ പങ്കെടുത്തത്. ശ്രീനഗറിലെ ചെഷ്മ സാഹിയിലെ യാത്രയുടെ ക്യാമ്പ് സൈറ്റിൽ രാവിലെ രാഹുൽ ദേശീയ പതാകയുയർത്തി.

മഞ്ഞിൽ കുളിച്ച്

രാഹുലും പ്രിയങ്കയും

യാത്രയുടെ സമാപനത്തിന് തൊട്ട് മുമ്പ് കനത്ത മഞ്ഞുവീഴ്ച്ചയനുഭവപ്പെടുന്ന ശ്രീനഗറിലെ സമാപന സമ്മേളന സ്ഥലമായ ചെഷ്മ സാഹിയിൽ കൈകളിൽ മഞ്ഞ് കട്ടകളെടുത്ത് കൈകൾ പിന്നിൽ പിടിച്ച് സഹോദരി പ്രിയങ്കയുടെ സമീപമെത്തി അവരുടെ തലയിൽ ഇട്ട് ഓടുകയായിരുന്നു രാഹുൽ. രാഹുലിനെ വെറുതെ വിടാൻ പ്രിയങ്കയും തയ്യാറായില്ല. രാഹുലിന്റെ പിറകിലോടി കൈകൾ പിറകിൽ കൂട്ടി കെട്ടി നിറുത്തിയപ്പോൾ ഒരു കോൺഗ്രസ് പ്രവർത്തകൻ പ്രിയങ്കയ്ക്ക് മഞ്ഞുകട്ടകൾ നൽകി. അത് മുഴുവൻ പ്രിയങ്ക രാഹുലിന്റെ തലയിലിട്ടു. തുടർന്ന് ഇരുവരും കെട്ടിപ്പിടിക്കുന്ന വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി. മൂന്ന് ലക്ഷത്തിലേറെപ്പേർ വീഡിയോ കണ്ടത്. മഞ്ഞുകട്ട കളിയിൽ നിന്ന് രക്ഷപ്പെടാൻ നോക്കിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ

തലയിലും രാഹുൽ മഞ്ഞ് കട്ടകൾ വാരിയിട്ടു.

Advertisement
Advertisement