ഉഴവൂരിൽ ആഫ്രിക്കൻ പന്നിപ്പനി
കോട്ടയം: ഉഴവൂർ ഗ്രാമപഞ്ചായത്തിലെ രണ്ട് സ്വകാര്യ ഫാമുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെ പന്നികളെ ദയാവധം നടത്തി സംസ്‌കരിച്ചു. ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പന്നികളെയും കൊല്ലും. 66 പന്നികളെയാണ് കൊല്ലുന്നത്. ഫാമുകളും പരിസരവും അണുവിമുക്തമാക്കാനുള്ള നടപടി പൂർത്തിയായെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരി പറഞ്ഞു. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള ദ്രുതകർമ്മസേനയാണ് ദയാവധമടക്കമുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ മുൻകരുതൽ നടപടി ശക്തമാക്കി. രോഗം സ്ഥിരീകരിച്ച ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
രോഗബാധിത പ്രദേശങ്ങളിൽ നിന്നുള്ള പന്നി മാംസ വിതരണം, ഇവ വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനം എന്നിവ നിറുത്തിവച്ച് ഉത്തരവായി. ഇവിടെ നിന്ന് പന്നി, മാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റിടങ്ങളിലേക്ക് കൊണ്ടു പോകുന്നത് നിറുത്തിവയ്ക്കാൻ ഉത്തരവായി.
ദ്രുതകർമ്മസേന രൂപീകരിച്ചു
പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളിൽ നിന്ന് മറ്റിടങ്ങളിലേക്ക് രണ്ടു മാസത്തിനിടെ പന്നികളെ കൊണ്ടു പോയിട്ടുണ്ടോയെന്ന് അന്വേഷിക്കും. രോഗം സ്ഥിരീകരിച്ച തദ്ദേശ സ്ഥാപന പരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, റവന്യൂ, തദേശ സ്ഥാപന സെക്രട്ടറിമാർ എന്നിവർ ചേർന്ന് ദ്രുതകർമ്മസേന രൂപീകരിച്ചു. കൂടാതെ കരൂർ, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, കടുത്തുരുത്തി, മാഞ്ഞൂർ, രാമപുരം, മുളക്കുളം, കടപ്ലാമറ്റം, വെളിയന്നൂർ എന്നീ ഗ്രാമപഞ്ചായത്തുകളെ നിരീക്ഷണ മേഖലയിൽ ഉൾപ്പെടുത്തി.