ഓസ്ട്രേലിയയിൽ ഇന്ത്യക്കാർക്ക് നേരെ ഖാലിസ്ഥാൻ ആക്രമണം
Tuesday 31 January 2023 6:37 AM IST
കാൻബെറ : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഓസ്ട്രേലിയയിൽ ഇന്ത്യൻ ദേശീയ പതാകയുമായി സഞ്ചരിച്ചവർക്ക് നേരെ ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം. ഖാലിസ്ഥാൻ പതാകയുമായെത്തിയ ഒരുകൂട്ടം അക്രമികൾ ഇന്ത്യക്കാരെ മർദ്ദിക്കുകയും ഇന്ത്യൻ ദേശീയ പതാക നശിപ്പിക്കുകയും ചെയ്തു. ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു. രണ്ട് അക്രമികളെ വിക്ടോറിയ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച മെൽബണിലെ സ്വാമി നാരായൺ ക്ഷേത്രം ഖാലിസ്ഥാൻ അനുകൂലികൾ ആക്രമിച്ചിരുന്നു. ക്ഷേത്രത്തിന്റെ ചുവരുകളിൽ ഇവർ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയിരുന്നു. സ്വാമി നാരായൺ ക്ഷേത്രത്തിലും മെൽബണിലെ ഇസ്കോൺ കൃഷ്ണ ക്ഷേത്രത്തിലും ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ മൻപ്രീത് വോഹ്‌റ ഇന്നലെ സന്ദർശനം നടത്തി. ഇസ്കോൺ കൃഷ്ണ ക്ഷേത്രത്തിന് നേരെയും അടുത്തിടെ ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണമുണ്ടായിരുന്നു.