വസ്ത്രങ്ങൾ അഴിച്ചുമാറ്റി അർദ്ധനഗ്നയായി വിമാനത്തിലൂടെ നടന്നു, ജീവനക്കാരെ ഉപദ്രവിച്ചു; വിദേശ വനിത അറസ്റ്റിൽ

Tuesday 31 January 2023 10:02 AM IST

മുംബയ്: വിസ്താര എയർലൈൻസിൽ സംഘർഷമുണ്ടാക്കിയ ഇറ്റാലിയൻ പൗര അറസ്റ്റിൽ. കഴിഞ്ഞ ദിവസം പുലർച്ചെ അബുദാബിയിൽ നിന്ന് മുംബയിലേയ്ക്ക് വന്ന വിമാനത്തിലാണ് സംഭവമുണ്ടായത്. പാവോള പെറൂച്ചിയോ എന്ന സ്ത്രീയാണ് വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറിയത്.

ഇക്കണോമി ടിക്കറ്റ് കൈവശമുള്ള സ്ത്രീ തനിക്ക് ബിസിനസ് ക്ലാസ് വേണമെന്ന് നിർബന്ധം പിടിച്ചു. തുടർന്ന് തർക്കമുണ്ടാവുകയും വിമാനത്തിലെ ക്യാബിൻ ക്രൂ അംഗങ്ങളെ ആക്രമിക്കുകയും ചെയ്തു. തന്റെ വസ്ത്രങ്ങൾ സ്വയം അഴിച്ചുമാറ്റിയ സ്ത്രീ അർദ്ധനഗ്നയായി വിമാനത്തിലൂടെ നടക്കുകയും ചെയ്തു. സംഘർഷ സാഹചര്യം ഉണ്ടാക്കിയതിനും ക്യാബിൻ ക്രൂ അംഗങ്ങളോട് മോശമായി പെരുമാറിയതിനും പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമമനുസരിച്ച് സംഭവം ഉന്നതാധികാരികളെ അറിയിച്ചിട്ടുണ്ടെന്ന് വിസ്താര എയർലൈൻ വക്താവ് അറിയിച്ചു. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയും അന്തസിനെയും ബാധിക്കുന്ന സംഭവങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും എയർലൈൻ വക്താവ് അറിയിച്ചു.