4900 രൂപയുടെ സാധനത്തിന് വിദേശ വിനോദ സഞ്ചാരിയിൽ നിന്ന് ഈടാക്കിയത് 37,500 രൂപ; കടയുടമയടക്കം മൂന്ന് പേർ അറസ്റ്റിൽ

Tuesday 31 January 2023 11:57 AM IST

ആഗ്ര: താജ്‌‌മഹൽ കാണാനെത്തിയ വിദേശ വിനോദസഞ്ചാരിക്ക് പുരാവസ്തുക്കൾ വിലകൂട്ടി വിറ്റ മൂന്ന് പേർ അറസ്റ്റിൽ. കടയുടമ ഹൈദർ, സെയിൽസ്മാൻ അമീർ, ടൂറിസ്റ്റ് ഗൈഡ് ഫുർഖാൻ അലി എന്നിവരെയാണ് ആഗ്ര പൊലീസ് അറസ്റ്റ് ചെയ്തത്.

'സ്വിറ്റ്‌സർലൻഡ് സ്വദേശിയായ ഇസബെൽ ആണ് പറ്റിക്കപ്പെട്ടത്. ഇസബെൽ ടൂറിസ്റ്റ് ഗൈഡ് ഫുർഖാനൊപ്പം താജ്‌മഹൽ സന്ദർശിച്ചു. ശേഷം ഇയാൾ ഇസബെലിനെ ഈസ്റ്റേൺ ഗേറ്റിലെ മാർബിൾ കോട്ടേജ് ആൻഡ് ടെക്‌സ്റ്റൈൽസ് എംപോറിയത്തിലേക്ക് ഷോപ്പിംഗിനായി കൊണ്ടുപോയി. ടൂറിസ്റ്റ് തിരഞ്ഞെടുത്ത സാധനങ്ങൾക്കെല്ലാം കൂടെ 80,000 രൂപയായെന്ന് സെയിൽസ്മാൻ അറിയിച്ചു. വിലപേശിയശേഷം സാധനങ്ങൾ 37,500 രൂപയ്ക്ക് വിറ്റു.

തന്റെ ഹോട്ടലിലേക്ക് മടങ്ങുമ്പോഴാണ് ടൂറിസ്റ്റ് അതേ പുരാവസ്തുക്കൾ മറ്റൊരു കടയിൽ കാണുകയും, യഥാർത്ഥത്തിൽ ഇതിന് 4900 രൂപ മാത്രമേയുള്ളൂവെന്ന് തിരിച്ചറിയുകയും ചെയ്തത്. പറ്റിക്കപ്പെട്ടതായി തിരിച്ചറിഞ്ഞതോടെ ഇസബെൽ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.'- പൊലീസ് കമ്മീഷണർ പറഞ്ഞു. താജ്മഹൽ കാണാൻ ആഗ്രയിലെത്തുന്ന നിരവധി വിനോദസഞ്ചാരികൾക്ക് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് സൂചന.

Advertisement
Advertisement