തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ ദർശനം നടത്തി അമല പോൾ, ഒപ്പം അമ്മയും സഹോദരന്റെ ഭാര്യയും; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
പഴനി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രമുഖ നടി അമല പോൾ. അമ്മയ്ക്കും സഹോദരന്റെ ഭാര്യയ്ക്കുമൊപ്പമാണ് താരം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. പഴനിയിൽ നിന്നുള്ള ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
വെള്ള നിറത്തിലുള്ള കുർത്തയും കറുപ്പ് പട്യാല പാന്റും ഗോൾഡൻ നിറത്തിലുള്ള ഷോളുമാണ് അമലയുടെ വേഷം. ക്ഷേത്രത്തിലെ പ്രസാദം നെറ്റിയിൽ തൊട്ട് പൂമാലയും അണിഞ്ഞ് നിൽക്കുന്ന അമലയെ ചിത്രങ്ങളിൽ കാണാം.
വർഷങ്ങൾക്ക് ശേഷം വിവേക് സംവിധാനം ചെയ്ത ടീച്ചർ എന്ന ചിത്രത്തിലൂടെയാണ് അമല മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തിയത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ക്രിസ്റ്റഫർ ആണ് ഇനി പുറത്തിറങ്ങാനുള്ളത്. പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിലും അമല പോൾ ആണ് നായിക.
പ്രശസ്തമായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ അമല പോളിന് നേരത്തേ ദർശനം നിഷേധിച്ചത് വലിയ വിവാദമായിരുന്നു. ദേവിയെ കണ്ടില്ലെങ്കിലും ആ ചൈതന്യം അനുഭവിച്ചുവെന്നാണ് താരം അന്ന് ക്ഷേത്രത്തിലെ രജിസ്റ്ററിൽ കുറിച്ചത്. 'മതപരമായ വിവേചനം 2023ലും നിലനിൽക്കുന്നുവെന്നതിൽ ദുഃഖവും നിരാശയുമുണ്ട്. എനിക്ക് ദേവിയുടെ അടുത്തേക്ക് പോകാനായില്ല, പക്ഷെ അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി. മതപരമായ വിവേചനത്തിൽ ഉടൻ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ മനുഷ്യരായി നമ്മെ പരിഗണിക്കുന്ന സമയം വരും.' - ക്ഷേത്ര രജിസ്റ്ററിൽ താരം കുറിച്ചു.