സേഫ് പദ്ധതി 425 പേർക്ക് വീട്.

Wednesday 01 February 2023 12:09 AM IST

കോട്ടയം . പട്ടികജാതിപട്ടിക വർഗവികസനവകുപ്പ് നടപ്പാക്കുന്ന ഭവനപൂർത്തീകരണ പദ്ധതിയായ സേഫിൽ ജില്ലയിൽ 425 പേർക്ക് വീട് ലഭിക്കും. പദ്ധതിയിൽ മൂന്ന് ഗഡുക്കളായി രണ്ട് ലക്ഷം രൂപയാണ് ഭവനപൂർത്തീകരണത്തിന് ധനസഹായമായി നൽകുന്നത്. 425 പേർക്കായി 8.50 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഒരു ലക്ഷം രൂപ വരെ വരുമാനപരിധിയുള്ളവരെയാണ് പദ്ധതിയ്ക്കായി പരിഗണിക്കുന്നത്. സുരക്ഷിതമായ മേൽക്കൂര, ശുചിത്വമുള്ള ശൗചാലയം, മികച്ച സൗകര്യങ്ങളുള്ള അടുക്കള, തറ ടൈൽ ചെയ്യൽ, ചുമർ ബലപ്പെടുത്തൽ, പ്ലമ്പിംഗ്, വയറിംഗ്, പ്ലാസ്റ്ററിംഗ് തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ജില്ലാ പട്ടിക ജാതി വികസന ഓഫീസർ എം എസ് സുനിൽ പറഞ്ഞു.