വിമാനത്തിൽ വച്ച് യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസ്; ശങ്കർ മിശ്രയ്ക്ക് ജാമ്യം
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ വച്ച് സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിലെ പ്രതി ശങ്കർ മിശ്രയ്ക്ക് ജാമ്യം. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ജാമ്യതുകയായി കോടതിയിൽ കെട്ടിവയ്ക്കണം.
നവംബർ 26ന് ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ വച്ചാണ് ശങ്കര് മിശ്ര, ബിസിനസ് ക്ലാസിലെ യാത്രക്കാരിയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചത്. സംഭവം പുറത്തറിഞ്ഞാൽ തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്നും പൊലീസിൽ പരാതിപ്പെടരുതെന്നും ഇയാൾ സ്ത്രീയോട് അപേക്ഷിച്ചിരുന്നു. എന്നാൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ സ്ത്രീ തീരുമാനിച്ചതോടെ സംഭവം പുറത്തറിഞ്ഞു. സംഭവം കഴിഞ്ഞ് ഏറെ വൈകി, ഈ ആഴ്‌ചയാണ് എയർ ഇന്ത്യ പൊലീസിൽ പരാതി നൽകിയത്.
പിന്നാലെ 30 ദിവസത്തേക്ക് എയർ ഇന്ത്യ ശങ്കര് മിശ്രയെ വിമാനയാത്രയിൽ നിന്ന് വിലക്കി. സംഭവം കൈകാര്യം ചെയ്ത ജീവനക്കാരോട് വിശദീകരണം തേടുകയും അന്വേഷണത്തിന് ആഭ്യന്തര സമിതിയെ നിയോഗിക്കുകയും ചെയ്തു. മോശമായോ അനുചിതമായോ പെരുമാറുന്ന യാത്രക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ എയർലൈൻ ജീവനക്കാർ പരാജയപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്ന് ഏവിയേഷൻ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മുന്നറിയിപ്പ് നൽകി.