റോട്ടർഡാമിൽ തിളങ്ങി സന്തോഷ് ശിവന്റെ മോഹ

Wednesday 01 February 2023 12:04 AM IST

52ാമത് റോട്ടർഡാ ം ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷകരെ കയ്യിലെടുത്ത് സന്തോഷ് ശിവൻ സംവിധാനം ചെയ്ത മോഹ. അതിമനോഹരമായ ദൃശ്യങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രം മാനവികതയുടെ രണ്ട് വിരുദ്ധ വശങ്ങൾ ഒത്തുചേരുമെന്നതിന്റെ നേർക്കാഴ്ചകൾ പ്രേക്ഷക‌ർക്ക് സമ്മാനിക്കുന്നു. ജാവേദ് ജാഫ്രിയും പുതുമുഖ താരം ഷേലി ക്രിഷെനുമാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. പേരില്ലാത്ത ഈ കഥാപാത്രങ്ങളിലൊന്ന് ത്യാഗത്തിന്റെയും വേർപിരിയലിന്റെയും പ്രതീകമാകുമ്പോൾ മറ്റൊന്ന് വിശുദ്ധിയെയും പ്രലോഭനത്തെയും സൂചിപ്പിക്കുന്നു. ഇരുവരും തമ്മിലുള്ള ഭിന്നതകളും അതിനെ ചുറ്റിപ്പറ്റി ഒരു വാക്കുപോലും ഉരിയാടാതെ, പ്രവൃത്തികളിലൂടെയും ആംഗ്യങ്ങളിലൂടെയും മുഖഭാവങ്ങളിലൂടെയും മാത്രം നടക്കുന്ന നിരന്തര ചർച്ചകളുമാണ് സിനിമയുടെ കേന്ദ്രബിന്ദു. അതിരപ്പിള്ളിയിൽ കുറഞ്ഞ ബജറ്റിൽ ചിത്രീകരിച്ച മോഹ, പ്രകൃതിയുടെ ശബ്ദങ്ങളും വിപിൻകുമാർ പി.കെയുടെ പശ്ചാത്തലസംഗീതവും സമന്വയിപ്പിച്ച ദൃശ്യഭംഗി നിറഞ്ഞ മനോഹര ദൃശ്യാവിഷ്കാരമാണ്. ഹിമാൻഷു സിംഗ് എഴുതി ജാവേദ് ജാഫ്രിയുടെ ശബ്ദത്തിൽ അവതരിപ്പിച്ച വിവരണം ചിത്രത്തിലെ സംഭവങ്ങളുടെ പശ്ചാത്തലവും അവയിലേക്ക് ഒഴുകുന്ന ആശയങ്ങളും വിശദീകരിക്കുന്നു. സന്തോഷ് ശിവൻ അവതരിപ്പിക്കുന്ന ഫ്രെയിമുകൾ ഒരു മ്യൂസിയത്തിന്റെ ചുമരിൽ പ്രദർശിപ്പിക്കാൻ കഴിയുന്ന തരത്തിലാണെന്നാണ് നിരൂപകർ വിലയിരുത്തുന്നത്. ചിത്രത്തിന്റെ നിർമ്മാണവും സഹ രചയിതാവും കൂടിയാണ് സന്തോഷ് ശിവൻ. 2008ൽ പുറത്തിറങ്ങിയ തഹാന് ശേഷം സന്തോഷ് ശിവൻ ഹിന്ദി ഭാഷയിൽ ഒരുക്കിയ മോഹ മികച്ച അനുഭവമാണ് അന്താരാഷ്ട്ര തലത്തിൽ പ്രേക്ഷകർക്ക് സമ്മാനിച്ചത്.

 
Advertisement
Advertisement