മോഹൻലാലും ഭദ്രനും വീണ്ടും

Wednesday 01 February 2023 12:06 AM IST

ലീഡ്....

ചിത്രീകരണം ഈ വർഷം അവസാനം

മോഹൻലാലും ഭദ്രനും വീണ്ടും ഒന്നിക്കാൻ പോകുന്നതിന്റെ ആവേശത്തിൽ ആരാധകർ. സ്ഫടികം പോലെ മാസ് ചിത്രമാണ് ഭദ്രൻ മോഹൻലാലിനു വേണ്ടി ഒരുക്കുന്നത്. പ്രണയവും ആക്ഷനും വൈകാരിക മുഹൂർത്തങ്ങളും നിറഞ്ഞ കഥാപരമായ മികച്ച ചിത്രമായിരിക്കുമെന്ന് ഭദ്രൻ പറഞ്ഞു. ചിത്രീകരണം ഈ വർഷം അവസാനം ആരംഭിക്കും.പതിനെട്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് മോഹൻലാലും ഭദ്രനും ഒന്നിക്കുന്നത്. 2005ൽ ഉടയോൻ എന്ന ചിത്രത്തിനു വേണ്ടിയാണ് ഭദ്രനും മോഹൻലാലും അവസാനം ഒന്നിച്ചത്. മോഹൻലാൽ ഇരട്ട വേഷത്തിൽ അഭിനയിച്ച ചിത്രമാണ് ഉടയോൻ. മോഹൻലാലിന്റെയും ദദ്രന്റെയും കരിയറിലെ മെഗാഹിറ്റ് ചിത്രമായ സ്ഫടികം ഇരുപത്തിയെട്ടുവർഷത്തിനുശേഷം 4 കെ അറ്റ്‌മോസിൽ റീമാസ്റ്റർ പതിപ്പ് ഫെബ്രുവരി 9ന് റിലീസ് ചെയ്യുകയാണ്. സ്ഫടികത്തിന്റെ പുതിയ പതിപ്പ് പുതിയ ഒരു മോഹൻലാൽ സിനിമയുടെ പ്രതീക്ഷ നൽകുന്നു. ആടുതോമയെ വീണ്ടും വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ. എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന ചിത്രത്തിലൂടെയാണ് മോഹൻലാലും ഭദ്രനും ആദ്യമായി ഒരുമിക്കുന്നത്. ചങ്ങാത്തം, പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, അങ്കിൾ ബൺ, ഒളിമ്പ്യൻ അന്തോണി ആദം എന്നിവയാണ് മോഹൻലാൽ - ഭദ്രൻ കൂട്ടുകെട്ടിൽ പിറന്ന മറ്റ് ചിത്രങ്ങൾ.