പാകിസ്ഥാനിൽ പളളിയിലെ സ്‌ഫോടനം നടത്തിയ ചാവേറിന്റെ തല കണ്ടെത്തി, ഭീകരൻ വന്നത് ഔദ്യോഗിക വാഹനത്തിലെന്ന് പൊലീസ്

Tuesday 31 January 2023 7:29 PM IST

പെഷവാർ: പാകിസ്ഥാനിലെ പെഷവാറിൽ പൊലീസ് ആസ്ഥാനത്തെ പളളിക്കുളളിലെ സ്‌ഫോടനത്തിൽ നിർണായകമായ കണ്ടെത്തൽ. സ്‌ഫോടനം നടത്തിയയാളെന്ന് കരുതുന്ന താലിബാൻ ഭീകരന്റെ തെറിച്ചുപോയ തല അന്വേഷണസംഘം കണ്ടെത്തി. 93 പേർ മരിക്കുകയും 221 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ സ്ഥലത്തെ കനത്ത സുരക്ഷാ സംവിധാനം മറികടന്ന് ഭീകരൻ പ്രാർത്ഥനയ്‌ക്കായി കൂടിനിന്ന ആളുകൾക്കിടയിലേക്ക് എത്തിയതെങ്ങനെ എന്നതിൽ അന്വേഷണം നടത്തുകയാണെന്ന് പെഷവാർ സിറ്റി പൊലീസ് കമ്മീഷണർ മുഹമ്മദ് ഐജാസ് ഖാൻ അറിയിച്ചു.

പാകിസ്ഥാനിൽ നിരോധിച്ച സംഘടനയായ തെഹ്‌രിക് ഇ താലിബാൻ പാക്കിസ്ഥാൻ(ടിടിപി) സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏ‌റ്റെടുത്തു. കഴിഞ്ഞ ഓഗസ്‌റ്റിൽ തന്റെ സഹോദരൻ ടിടിപി കമാൻഡറായിരുന്ന ഉമർ ഖാലിദ് ഖുറസാനി അഫ്‌ഗാനിൽ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് തിങ്കളാഴ്‌ച സ്‌ഫോടനം നടത്തിയതെന്ന് ടി.ടി.പി നേതാവായ സർബകാഫ് മൊഹമ്മന്ദ് പ്രതികരിച്ചിരുന്നു.

ഏതെങ്കിലും ഔദ്യോഗിക വാഹനത്തിലായിരിക്കാം താലിബാൻ ഭീകരൻ അകത്തെത്തിയതെന്നാണ് വിവരം. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് ശേഷം 1.40ന് ളുഹർ നമസ്‌കാരം നടക്കുമ്പോൾ, ബോംബ്‌സ്‌ക്വാഡ്, പൊലീസ് സംഘം എന്നിങ്ങനെ കനത്ത സുരക്ഷാസംഘം സ്ഥലത്തുണ്ടായിരിക്കെയാണ് നിസ്‌കരിക്കുന്നവരിൽ മുൻനിരയിൽ നിന്ന ചാവേർ പൊട്ടിത്തെറിച്ചത്. സംഭവത്തിൽ പള‌ളിയുടെ ഒരുഭാഗം തകർന്നു. മരണമടഞ്ഞവരും പരിക്കേറ്റവരും പൊലീസ് സേനയിലെ അംഗങ്ങളാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത. കഴിഞ്ഞ വർഷവും സുരക്ഷാ സൈനികരെ ലക്ഷ്യമിട്ട് ടിടിപി സ്‌ഫോടനം നടത്തിയിരുന്നു. അന്ന് 63 പേരാണ് മരണമടഞ്ഞത്.