ക്ളാസിനിടയിൽ പോൺ വീഡിയോ പ്രദർശിപ്പിച്ച് അദ്ധ്യാപകൻ; പരാതിപ്പെട്ടിട്ടും സ്കൂൾ അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം

Tuesday 31 January 2023 8:40 PM IST

ന്യൂഡൽഹി: അദ്ധ്യാപകൻ ക്ളാസിനിടയിൽ വിദ്യാർത്ഥിനികളെ പോൺ വീഡിയോ കാണിച്ചതായി പരാതി. മഹാരാഷ്ട കോൽഹാപൂരിലെ വിദ്യാലങ്കാർ ഷെൽവാദി സ്കൂളിലെ അദ്ധ്യാപകനായ വി പി ബങ്ദിയ്ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. വിദ്യാർത്ഥിനികളും രക്ഷിതാക്കളുമടക്കം ഇയാൾക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തി. ഇയാൾസ്കൂളിലെ ഒമ്പത്,പത്താം ക്ളാസ് വിദ്യാർത്ഥിനികൾക്ക് മുൻപിലാണ് അശ്ളീല വീഡിയോ പ്രദർശിപ്പിച്ചതെന്നാണ് പരാതി.

സംഭവത്തിന് പിന്നാലെ ബങ്ദിയെ മറ്റൊരു സ്കൂളിലേയ്ക്ക് ശിക്ഷാനടപടിയെന്നോണം സ്ഥലം മാറ്റിയിരുന്നു. എന്നാൽ കടുത്ത നടപടി സ്വീകരിക്കാതെ അദ്ധ്യാപകനെ സംരക്ഷിക്കുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് എന്നാണ് ആക്ഷേപം. ഇംഗ്ളീഷ് വിഭാഗത്തിലെ അദ്ധ്യാപകനായ ബങ്ദി കഴിഞ്ഞ രണ്ട് വർഷമായി അശ്ളീല വീഡിയോ പ്രദർശിപ്പിച്ച് വന്നതായാണ് വിദ്യാർത്ഥിനികളുടെ പരാതി. കൂടാതെ ദുരുദേശത്തോടെ ശരീരത്തിൽ സ്പർശിച്ചതായും പരാതിയിൽ പറയുന്നുണ്ട്.

പരാതിപ്പെട്ടിട്ടും ആരോപണവിധേയനായ അദ്ധ്യാപകനെ ജില്ലയിലെ തന്നെ മറ്റൊരു സ്കൂളിലേയ്ക്ക് സ്ഥലം മാറ്റി നടപടികൾ അവസാനിച്ചതായും കർശനമായ തുടർനടപടികൾ സ്വീകരിക്കണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം. സംഭവം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതായും ഉടനെ തടന്നെ ഉചിതമായ നടപടികൾ സ്വീകരിക്കപ്പെടുമെന്നാണ് വിവരം.