തെയ്യങ്ങളെ കണ്ടു മനസ്സ് നിറഞ്ഞു ഫിലിപ്പും സിഗാൻഷിനയും നാളെ കടൽകടക്കും

Tuesday 31 January 2023 9:16 PM IST
ഫിലിപ്പ് പെരേരയും ഭാര്യ മദീന സിഗാൻഷിനയും മുത്തപ്പൻ വെള്ളാട്ടത്തിനിടെ

കണ്ണൂർ: വടക്കെമലബാറിലെ പ്രധാന ആരാധനാമൂർത്തികളെ മനസ്സു നിറഞ്ഞ് കണ്ട് പോർച്ചുഗീസുകാരൻ ഫിലിപ്പ് പെരേരയും റഷ്യക്കാരിയായ ഭാര്യ മദീന സിഗാൻഷിനയും നാളെ തിരിച്ചുപറക്കും. ഡിസംബർ 18നാണ് ഇവർ തെയ്യങ്ങളെ അറിയാൻ കണ്ണൂരിലെ പഴയങ്ങാടി വെങ്ങര ഗ്രാമത്തിലെത്തിയത്.വെങ്ങര സ്വദേശിയും തെയ്യം ഗവേഷകനുമായ സന്തോഷ് വെങ്ങരയാണ് ഇവർക്ക് നാട്ടിൽ വേണ്ട സൗകര്യങ്ങളൊരുക്കി നൽകിയത്.

കഴിഞ്ഞ പത്തുവർഷമായി തെയ്യങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി ഇരുവരും കണ്ണൂരിലെത്താറുണ്ട്. വെങ്ങരയെത്തിയാൽ സന്തോഷിന്റെ വീട്ടിലാണ് ഇവരുടെ താമസം.തീയ്യസമുദായത്തിന്റെ കൺകണ്ട ദൈവമായ വയനാട്ട് കുലവനെ കുറിച്ച് പഠിക്കാനാണ് ഇക്കുറി ഇവർ എത്തിയത്.

കണ്ണൂരിലെത്തിയാൽ തെയ്യംകെട്ടുള്ള ഇടം സംബന്ധിച്ച വിവരം സന്തോഷ് ഇവർക്ക് കൈമാറും.ഏത് പാതിരാത്രിയിലും ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഇരുവരും തെയ്യംകെട്ട് നടക്കുന്ന ഇടത്തെത്തും. ഇതിനകം കതിവന്നൂർ വീരൻ,മുത്തപ്പൻ തുടങ്ങിയ തെയ്യങ്ങളെ കുറിച്ച് ഇരുവരും വിശദമായ പഠനം തയ്യാറാക്കിക്കഴിഞ്ഞു.പോർച്ചുഗലിലെ യൂണിവേഴ്സിറ്റി ഒഫ് കോയിമ്പ്രയിലാണ് ഫിലിപ്പ് പെരേരയുടെ തെയ്യം ഗവേഷണം. മദീന ചാർക്കോൾ ആർട്ടിലൂടെ ചിത്രകലയിലാണ് ശ്രദ്ധചെലുത്തുന്നത്.ആറ് വർഷം മുൻപ് വെങ്ങരയിലെ വിവിധ മേഖലയിലെ പ്രഗത്ഭരെയുൾപ്പെടുത്തി ചിരിക്കുന്ന മുഖങ്ങൾ എന്ന തീമിൽ പത്ത് പേരെ തന്റെ കാൻവാസിൽ പകർത്തി എക്സിബിഷനും ഇവർ നടത്തിയിട്ടുണ്ട്.

മുത്തപ്പന് ഒരു നേർച്ചയും

വടക്കരുടെ കൺകണ്ട ദൈവമായ മുത്തപ്പനായി നേർച്ച നടത്തിയാണ് ഇക്കുറി പെരേരയുടെയും ഭാര്യയുടേയും മടക്കം. ശ്വാസകോശസംബന്ധമായ അണുബാധയാൽ അവശനിലയിലായ പെരേര വിശ്വാസികളുടെ നിർദ്ദേശാനുസരണമാണ് വെള്ളാട്ടം നേർന്നത്. പിന്നാലെ അസുഖം മാറിയതോടെ

കഴിഞ്ഞ ഡിസംബർ 22 സന്തോഷിന്റെ വെങ്ങരയിലെ വീട്ടിൽ മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടിച്ചു.

പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലും മുത്തപ്പന്റെ ആരൂഢമായ കുന്നത്തൂർ പാടിയും ഇരുവരും സന്ദർശിച്ചിട്ടുണ്ട്.

കഴിഞ്ഞ പത്ത് വർഷമായി കണ്ണൂരിലെത്തുന്നുണ്ട്.തെയ്യങ്ങളും കാവുകളും കൂടുതൽ അടുത്തറിയണം.മുത്തപ്പനെ കുറിച്ച് ഗവേഷണം നടത്തിയിട്ടുണ്ട്.ഈ വരവിൽ വയനാട്ടുകുലവനെ കൂടുതൽ അറിയാൻ കഴിഞ്ഞു.ഇനിയും വരും.

ഫിലിപ്പ് പെരേര

Advertisement
Advertisement