ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷാഫീസ് ഈടാക്കുന്നു: എയ്ഡഡിൽ ഭിന്നശേഷി അവകാശനിയമലംഘനം

Tuesday 31 January 2023 9:23 PM IST

കണ്ണൂർ : കേരളത്തിലെ ഗവൺമെന്റ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാർക്ക് ജോലിസംവരണം നടപ്പിലാക്കിയ പശ്ചാത്തലത്തിൽ എയ്ഡഡ് സ്ഥാപനങ്ങൾ ഭിന്നശേഷി സംവരണത്തിനർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും നിയമന അപേക്ഷാ ഫീസ് വാങ്ങുന്നതിനെതിരെ പ്രതിഷേധം. ഇതര നിയമനങ്ങൾക്ക് നിയമസാധുത വേണമെങ്കിൽ ഭിന്നശേഷി സംവരണം നിർബന്ധമാണെന്നതാണ് എയ്ഡഡ് മാനേജ്മെന്റുകൾക്ക് ഒഴിഞ്ഞുനിൽക്കാനാവാത്തതിന് പിന്നിൽ .

നിയമം മുറപോലെ...

ജോലിക്ക് അപേക്ഷ ക്ഷണിച്ച് പത്രപരസ്യം നൽകുന്ന ചില എയ്ഡഡ് സ്‌കൂൾ കോളേജ് മാനേജ്‌മെന്റുകൾ അപേക്ഷ ഫീസായി 500 രൂപ മുതൽ ആയിരം രൂപ വരെയാണ് ഈടാക്കുന്നത്. 2019 ആഗസ്റ്റ് 23ന് കേന്ദ്രസർക്കാർ ഓഫീസ് മെമ്മോറാണ്ടത്തിലൂടെ ഭിന്നശേഷിക്കാർ തൊഴിലിന് അപേക്ഷിക്കുമ്പോൾ ഫീസ് നൽകുന്നതിൽ നിന്നും ആ വിഭാഗത്തെ തീർത്തും ഒഴിവാക്കിയിരുന്നു .കേന്ദ്രഗവൺമെന്റ് പുറപ്പെടുവിക്കുന്ന ഉത്തരവുകളെല്ലാം ഭിന്നശേഷി അവകാശ സംരക്ഷണ നിയമത്തിന്റെ ഭാഗമാണ്. ഭിന്നശേഷിക്കാരിൽ നിന്ന് നിയമന അപേക്ഷാ ഫീസ് ഈടാക്കുന്നത് ഇതുപ്രകാരം നിയമവിരുദ്ധമാണ്. സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കാണിച്ച് മുഖ്യമന്ത്രി , ഉന്നത വിദ്യാഭ്യാസ മന്ത്രി , പൊതു വിദ്യാഭ്യാസ മന്ത്രി , കേരള സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എന്നിവർക്ക് വിവിധ സംഘടനകൾ പരാതി നൽകിയിട്ടുണ്ട്.

ഫീസ് ഈടാക്കുന്ന നടപടി കേന്ദ്ര ഭിന്നശേഷി അവകാശ സംരക്ഷണ നിയമത്തിന്റെ ലംഘനം

ഭിന്നശേഷിക്കാർക്ക് ജോലി സംവരണ നിയമം പാസാക്കിയത് സാമ്പത്തിക സാമൂഹിക മേഖലകളിൽ ഭിന്നശേഷിക്കാർക്ക് തുല്യതയും അവസരസമത്വവും ഉറപ്പുവരുത്താൻ

ഭിന്നശേഷിക്കാരിൽ നിന്ന് നിയമന അപേക്ഷാ ഫീസ് ഈടാക്കി എയ്ഡഡ് സ്ഥാപനാധികാരികൾ ചൂഷണം ചെയ്യുന്നത് അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും നിവേദനം നൽകി.

കെ. എൻ. ആനന്ദ് നാറാത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ്, ഡിഫറന്റ്‌ലി ഏബ്ൾഡ് എംപ്ലോയീസ് അസോസിയേഷൻ