അഴിമതിക്കാരെ വിറപ്പിച്ച പോരാളി

Wednesday 01 February 2023 4:06 AM IST

ന്യൂഡൽഹി: അഴിമതിക്കാരായ പൊതുപ്രവർത്തകരുടെ പേടിസ്വപ‌്‌നമായിരുന്നു ഇന്നലെ അന്തരിച്ച മുൻ നിയമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ ശാന്തി ഭൂഷൺ. അദ്ദേഹത്തിന്റെ അഴിമതിവിരുദ്ധ പോരാട്ടത്തിൽ അധികാരഭ്രഷ്‌ട്രരായവരിൽ ഇന്ദിരാഗാന്ധി മുതൽ ആർ. ബാലകൃഷ്‌ണപിള്ള വരെയുണ്ട്.

1971ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ റായ്‌ബറേലിയിൽ ജയിച്ച ഇന്ദിരാഗാന്ധി ചട്ടങ്ങൾ ലംഘിച്ചെന്ന് കാട്ടി അലഹബാദ് ഹൈക്കോടതിയിൽ വന്ന കേസിൽ ഹർജിക്കാരനായ എതിർ സ്ഥാനാർത്ഥിയും സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി നേതാവുമായ രാജ് നാരായണനു വേണ്ടി വാദിച്ചത് ശാന്തിഭൂഷണായിരുന്നു. ഇന്ദിരാഗാന്ധി കുറ്റക്കാരിയാണെന്ന് ജസ്റ്റിസ് ജഗ്‌മോഹൻ ലാൽ സിൻഹ വിധിക്കുകയും തിരഞ്ഞെടുക്കപ്പെട്ടത് അസാധുവായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ വിധിയുടെ അനന്തരഫലമായിരുന്നു അടിയന്തരാവസ്ഥ.

അന്തരിച്ച കേരള കോൺഗ്രസ് നേതാവ് ആർ. ബാലകൃഷ്‌ണപ്പിള്ള പ്രതിയായ ഇടമലയാർ കേസിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനു വേണ്ടി സുപ്രീംകോടതിയിൽ വാദിച്ചതും ശാന്തിഭൂഷണനാണ്. ഒരു വർഷം തടവു ശിക്ഷ ലഭിച്ച ബാലകൃഷ്‌ണപിള്ള അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽപോയ ആദ്യ മന്ത്രിയായി.

ഇന്ദിരാഗാന്ധിയെ പുറത്താക്കിയ ശേഷം കാമരാജും മൊറാർജി ദേശായിയും മറ്റും ചേർന്ന് രൂപീകരിച്ച കോൺഗ്രസ് (ഒ) പാർട്ടിയിൽ സജീവമായിരുന്നു ശാന്തിഭൂഷൺ. പിന്നീട് ജനതാപാർട്ടിയിലെത്തി. 1977-79ൽ മൊറാർജി ദേശായി സർക്കാരിൽ നിയമമന്ത്രിയുമായി. ഇന്ദിരാ ഗാന്ധി സർക്കാർ കൊണ്ടുവന്ന 42-ാം ഭരണഘടനാ ഭേദഗതിയിലെ വിവിധ വ്യവസ്ഥകൾ റദ്ദാക്കിയ 44-ാം ഭരണഘടനാ ഭേദഗതി അദ്ദേഹമാണ് അവതരിപ്പിച്ചത്.

1980-ൽ ബി.ജെ.പിയിൽ ചേർന്നെങ്കിലും ഒരു തിരഞ്ഞെടുപ്പ് ഹർജിയിൽ പാർട്ടി എതിർ നിലപാടെടുത്തതോടെ 1980ൽ രാജിവച്ചു.

അന്നാ ഹസാരെയുടെ 'ഇന്ത്യ അഴിമതിക്കെതിരെ' പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി 2012 നവംബർ 26-ന് ആം ആദ്മി പാർട്ടി സ്ഥാപിച്ചവരിലൊരാളുമാണ്. പിന്നീട് അരവിന്ദ് കേജ്‌രിവാളുമായി തെറ്റി ശാന്തിഭൂഷണും മകൻ പ്രശാന്ത് ഭൂഷണും പാർട്ടി വിട്ടു. ജഡ്ജിമാർ ആരോപണവിധേയരായ ഗാസിയാബാദ് പ്രൊവിഡന്റ് ഫണ്ട് അഴിമതി കേസ് വാദത്തിനിടെ ജുഡീഷ്യറിയിൽ അഴിമതിയുണ്ടെന്ന പരാമർശത്തിന് മാപ്പു പറയണമെന്ന സുപ്രീംകോടതി ഉത്തരവ് അദ്ദേഹം തള്ളി.

പകരം ജയിൽ പോകാമെന്നായിരുന്നു മറുപടി. പൊതുതാത്പ്പര്യ വ്യവഹാരം നടത്തുന്ന സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകരിലൊരാളാണ്.

ജുഡീഷ്യറിയുമായി ബന്ധപ്പെട്ട അഴിമതികൾ പുറത്തുകൊണ്ടുവന്ന ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് ജുഡീഷ്യൽ റിഫോം പ്രചാരണത്തിന്റെയും ഭാഗമായിരുന്നു. കേന്ദ്രസർക്കാർ ലോക്‌പാൽ ബില്ലിനായി രൂപീകരിച്ച കരട് റിപ്പോർട്ട് സമിതിയിൽ പ്രതിനിധിയായിരുന്നു.