വൈറ്റ് കാർപ്പെറ്റ്: നടപ്പാത കൈയേറ്റങ്ങൾ ഒഴിപ്പിച്ചു വീണ്ടും കൈയേറിയാൽ കേസ്

Wednesday 01 February 2023 3:17 AM IST

തിരുവനന്തപുരം: നഗരത്തിൽ കാൽനടയാത്രക്കാർക്ക് സുഗമവും സുരക്ഷിതവുമായ നടപ്പാത ഒരുക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച 'വൈറ്റ് കാർപ്പെറ്റ്" പദ്ധതിയുടെ ഭാഗമായി ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ ഫുട്പാത്ത് കൈയേറ്റങ്ങൾ ഒഴിപ്പിച്ചു.

മണക്കാട് ജി.എച്ച്.എസ് പരിസരം,കോട്ടൺഹിൽ സ്‌കൂൾ,പട്ടം-കേശവദാസപുരം എന്നിവിടങ്ങളിലെ കൈയേറ്റമാണ് ഇന്നലെ നീക്കിയത്. കടകളിൽ നിന്ന് സാധനങ്ങൾ ഇറക്കിവച്ചും തട്ടുകളും ബങ്കുകളും സ്ഥാപിച്ചുള്ള വഴിമുടക്കലും നടപ്പാത കവർന്നെടുത്ത തട്ടുകടകളും പിക്കപ്പ് വാനുകളിലെ കച്ചവടങ്ങളും അവസാനിപ്പിച്ചു. ഒഴിപ്പിച്ചയിടങ്ങൾ വീണ്ടും കൈയേറിയാൽ കേസെടുക്കും. കച്ചവടക്കാർ നടപ്പാത കൈയേറിയതോടെ കുട്ടികളും വൃദ്ധരുമടക്കമുള്ളവർ നിരത്തിലൂടെ നടക്കേണ്ടിവരികയും അപകടങ്ങൾ വർദ്ധിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് നടപടി. കമ്മിഷണർ സി.എച്ച് നാഗരാജുവിന്റെ നിർദ്ദേശത്തിൽ ട്രാഫിക് അസി.കമ്മിഷണർമാരായ നിയാസ്,ഷീൻ തറയിൽ എന്നിവർ നേതൃത്വം നൽകി. രാത്രി 8ന് ശേഷമാണ് നഗരത്തിൽ തട്ടുകടകൾക്ക് പ്രവർത്തനാനുമതിയുള്ളത്. കൃത്യസമയം പാലിക്കാത്തവർക്കെതിരെയും നടപടിയെടുക്കാനാണ് തീരുമാനം. വെള്ളയമ്പലം, കുറവൻകോണം, ശാസ്‌തമംഗലം, കവടിയാർ,പാളയം ഭാഗങ്ങളിലും വരും ദിവസങ്ങളിൽ പരിശോധനയുണ്ടാകും.