ശാന്തിഭൂഷൺ അന്തരിച്ചു

Wednesday 01 February 2023 4:27 AM IST

ന്യൂഡൽഹി: കേന്ദ്ര നിയമമന്ത്രിയും സുപ്രീംകോടതി അഭിഭാഷകനുമായിരുന്ന ശാന്തി ഭൂഷൺ (97) അന്തരിച്ചു. 1977 മുതൽ 1979 വരെ മൊറാർജി ദേശായി മന്ത്രിസഭയിലാണ് നിയമമന്ത്രിയായി പ്രവർത്തിച്ചത്. പ്രശസ്ത അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൻ മകനാണ്.

1974-ൽ ഇന്ദിരാഗാന്ധിക്ക് പ്രധാനമന്ത്രി പദവി നഷ്‌ടമാവുകയും അടിയന്തരാവസ്ഥയ്‌ക്ക് ഇടയാക്കുകയും ചെയ്‌ത അലഹബാദ് ഹൈക്കോടതി വിധിയിൽ സോഷ്യലിസ്റ്റ് നേതാവ് രാജ് നരേന് വേണ്ടി വാദിച്ചത് ശാന്തിഭൂഷൺ ആയിരുന്നു. കാമരാജ് സ്ഥാപിച്ച കോൺഗ്രസ് (ഒ) പാർട്ടിയിലും കുറച്ചുകാലം ബി.ജെ.പിയിലും പ്രവർത്തിച്ചു. ആംആദ്‌മി പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളാണ്. 1977-1980 കാലത്ത് രാജ്യസഭാംഗമായി. സുപ്രീംകോടതിയിലെ 'മാസ്റ്റർ ഓഫ് റോസ്റ്റർ" സമ്പ്രദായം ചോദ്യം ചെയ്ത അദ്ദേഹം 1980-ൽ സ്ഥാപിച്ച 'സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ" എന്ന സന്നദ്ധ സംഘടനയിലൂടെ നിരവധി നിയമപോരാട്ടങ്ങൾ നടത്തി.

ഭാര്യ: കുമുദ് ഭൂഷൺ. മറ്റു മക്കൾ: ജയന്ത് ഭൂഷൺ, ശാലിനി ഗുപ്‌ത, ഷെഫാലി ഭൂഷൺ.