ഹെർമറ്റോളജി കേന്ദ്രത്തിന് കൈനീട്ടി മലബാർ; കണ്ണിൽ ചോര വേണം!

Tuesday 31 January 2023 10:43 PM IST

രക്തജന്യരോഗത്തിൽ വൻ വർദ്ധന

കേന്ദ്ര ബഡ്ജറ്റിൽ പ്രതീക്ഷയോടെ രോഗികൾ

കണ്ണൂർ: മലബാർ മേഖലയിൽ രക്തജന്യ രോഗങ്ങൾ വർദ്ധിക്കുമ്പോഴും ഹെമറ്റോളജി കേന്ദ്രമെന്ന ആവശ്യത്തോട് മുഖം തിരിച്ച് സർക്കാർ. മുപ്പതു വർഷം മുമ്പെ ഉയർന്ന ആവശ്യമാണെങ്കിലും ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല. മെഡിക്കൽ കോളേജിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ ഹെമറ്റോളജി കേന്ദ്രം പ്രഖ്യാപിക്കണമെന്ന് ആവശ്യവുമായി കേന്ദ്രബഡ്ജറ്റിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് രക്തജന്യരോഗികളും ബന്ധുക്കളും.

കോഴിക്കോട് മെഡിക്കൽ കോളേജ് പി.എം.എസ്.എസ്.വൈ കെട്ടിട ഉദ്ഘാടനത്തിന് എയിംസും ഹെമറ്റോളജി കേന്ദ്രവും പ്രഖ്യാപിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയ്യാറാവണമെന്ന് കേരള ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഉയർത്തിക്കാട്ടി കേരളത്തിലെ നൂറിൽപരം തലാസീമിയ, ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ, ലുക്കീമിയ തുടങ്ങിയ മാരക രക്ത ജന്യ രോഗികളും രക്ഷിതാക്കളും 2009 ൽ പാർലമെന്റ് മാർച്ച് സംഘടിപ്പിച്ചിരുന്നു. എന്നാൽ ആവശ്യങ്ങൾ ഇതേ വരെ അംഗീകരിച്ച് നടപ്പാക്കിയിട്ടില്ല.

കുത്തനെ കൂടുന്നു

തലാസീമിയ, ഹീമോഫീലിയ, സിക്കിൾ സെൻ അനീമിയ, ലൂക്കേമിയ തുടങ്ങിയ മാരകരക്തജന്യ രോഗികൾ മലബാർ മേഖലയിൽ വർദ്ധിച്ചു വരുന്നതായാണ് കണക്ക്. സംസ്ഥാനത്താകെ ആയിരത്തോളം തലാസീമിയ രോഗികളുള്ളതിൽ പകുതിയും മലബാർ മേഖലയിലാണ്.വയനാട്ടിൽ ആയിരത്തോളം സിക്കിൾ സെൽ രോഗികൾ വരും. ഏറ്റവും കൂടുതൽ ഹീമോഫീലിയ രോഗികളുളള ജില്ല മലപ്പുറമാണ്. അട്ടപ്പാടി, നിലമ്പൂർ വയനാട് ഉൾപ്പെടെയുളള സ്ഥലങ്ങളിലാണ് കേരളത്തിലെ 95ശതമാനത്തിലധികം അരിവാൾ രോഗികളും അധിവസിക്കുന്നത് . വിദഗ്ധ ചികിത്സക്ക് ഇവരെല്ലാം ആശ്രയിക്കുന്നത് കോഴിക്കോട് മെഡിക്കൽ കോളേജിനെയാണ്. ജനിതക രക്ത രോഗങ്ങൾ നിർമ്മാർജ്ജനം ചെയ്യാൻ ഒരു രക്ത രോഗ ചികിത്സാ കേന്ദ്രം കൂടിയേ കഴിയൂ.

പ്രഖ്യാപിച്ചതാണ്... പക്ഷെ,​

മാർച്ചിനെ തുടർന്ന് അന്നത്തെ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് നൂറ് കോടി രൂപ കോഴിക്കോട് മെഡിക്കൽ കോളേജിന് അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. ഇതിന് ശേഷം വളരെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് 195 കോടി അനുവദിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചത്. എന്നാൽ ഇപ്പോൾ പണി പൂർത്തിയായ കെട്ടിടത്തിൽ ഹെമറ്റോളജി കേന്ദ്രം അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ മുഖം തിരിഞ്ഞ് നിൽക്കുകയാണ്.എയിംസ് അനുവദിക്കാൻ ആവശ്യമായ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയിട്ടുണ്ടെങ്കിലും കേന്ദ്ര സർക്കാർ ഇത് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുകയാണ്. പാർലമെന്റ് മാർച്ചിനോടനുബന്ധിച്ച് തങ്ങൾക്ക് നൽകിയ ഉറപ്പിന് ശേഷം പല സംസ്ഥാനങ്ങളിലും എയിംസ് അനുവദിച്ചെങ്കിലും കേരളത്തെ ഇനിയും പരിഗണിച്ചിട്ടുമില്ല.


മെഡിക്കൽ കോളേജിലെ പ്രധാനമന്ത്രി സ്വാസ്ഥ്യ യോജന കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച് എയിംസ് ആശുപത്രിയടേയും ഹെമറ്റോളജി കേന്ദ്രത്തിന്റെയും സംയുക്ത പ്രഖ്യാപനത്തിന് കേന്ദ്ര സംസ്ഥാന സർക്കാറുകൾ അടിയന്തരമായി മന്നോട്ട് വരണം.

കരീം കാരശേരി

ജനറൽ കൺവീനർ, സംസ്ഥാന ബ്ളഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ

Advertisement
Advertisement