വലിയഴീക്കൽ മൺട്രോ തുരുത്താകുമോ?

Wednesday 01 February 2023 12:00 AM IST

വലിയഴീക്കൽ പൊഴി തുരന്ന് മത്സ്യബന്ധന തുറമുഖമാക്കിയവർ അറിഞ്ഞിരുന്നില്ല വരാനിരിക്കുന്ന കെണികളെക്കുറിച്ച്. പൊഴി മാറ്റുമ്പോൾ വേലിയേറ്റ വേളകളിൽ കടലിനെ ബന്ധിപ്പിക്കുന്ന കായംകുളം കായൽ മേഖലകളുമായി ചേർന്നുകിടക്കുന്ന പഞ്ചായത്തുകളിലെ കരയിൽ കടൽവെള്ളം കയറുമെന്നും കുളങ്ങളിലും കിണറുകളിലും ലവണാംശം കൂടുമെന്നും ഉപ്പുവെള്ളം കയറിയ പുരയിടങ്ങളിൽ കൃഷി നശിക്കുമെന്നും, വീടുകളുടെ തറയും ഭിത്തികളും പൊളിഞ്ഞു പോകുമെന്നും ആരും ചിന്തിച്ചില്ല.

എസ്. കൃഷ്ണകുമാർ എം.പി യും മന്ത്രിയുമായിരുന്നപ്പോഴാണ് വലിയഴീക്കലിൽ ഹാർബർ വന്നത്. അതുവരെ പരമ്പരാഗത വലയുപയോഗിച്ച് വള്ളങ്ങളിലും ചെറുബോട്ടുകളിലും കമ്പവലകൾ ഉപയോഗിച്ചുമാണ് മത്സ്യം പിടിച്ചിരുന്നത്. വലിയഴീക്കൽ തെക്കുഭാഗം (ചെറിയഴീക്കൽ ) കൊല്ലം ജില്ലയിലും, വടക്കുഭാഗം ആലപ്പുഴ ജില്ലയിലുമാണ് വരുന്നത്. രണ്ടു ഭാഗത്തും ബോട്ടുകളടുക്കാൻ ഹാർബറുകളുണ്ടങ്കിലും തെക്കുവശത്താണ് ബോട്ടുകൾ കൂടുതലായി അടുക്കുന്നത്. ഹാർബർ വന്നതോടെ നീണ്ടകരയിൽ നിന്നും കൊച്ചിയിൽ നിന്നും ആധുനിക സൗകര്യങ്ങളുള്ള വലിയ ബോട്ടുകൾ, ഇവിടേക്കു വന്നു. മത്സ്യബന്ധനരീതി മാറുകയും സർക്കാർ അധീനതയിലും നിയന്ത്രണത്തിലും ഐസ് പ്ലാന്റുകളും ലേലഹാളുകളും, അനുബന്ധ സൗകര്യങ്ങളും വന്നതോടെ ഇവിടെ നിന്നാണ് അന്യസംസ്ഥാനങ്ങളിലേക്കും മത്സ്യം കൊണ്ടുപോകുന്നത്. കായംകുളം കായലിന് തെക്കുവശത്ത് കോവളത്തേക്കുള്ള ദേശീയ ജലപാതയുടെ വശങ്ങളിലാണ് വലിയ ബോട്ടുകൾ പാർക്ക് ചെയ്യുന്നത്. വടക്കുവശം കായംകുളം കായലായതിനാൽ വടക്കോട്ടുമാറി തൃക്കുന്നപ്പുഴ പാലത്തിന് തെക്കുവശത്താണ് ബോട്ടുകൾ പാർക്കു ചെയ്യുന്നത്. മത്സ്യവ്യവസായം വികസിപ്പിച്ചപ്പോൾ വേലിയേറ്റ സമയത്ത് മുറ്റത്ത് കയറുന്ന വെള്ളം കായലിനു ചുറ്റുമുള്ള പ്രദേശങ്ങളിലെ കയർപിരി വ്യവസായത്തെ ഹാനികരമായി ബാധിച്ചിരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കഴിഞ്ഞ കുറെ വർഷങ്ങളായി നവംബർ മുതൽ കടലിൽ വെള്ളം ഉയരുകയും വേലിയേറ്റത്തിന്റെ ശക്തി കൂടുകയും ചെയ്തതോടെ മൂന്ന് നാല് മാസം ഈ പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിന് സമാനമായ അവസ്ഥയെ അഭിമുഖീകരിക്കുന്നു. കേന്ദ്ര സർക്കാർ തീരദേശ സംരക്ഷണനിയമം നടപ്പിലാക്കാൻ തീരുമാനിച്ചപ്പോൾ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിനെയാണ് വേലിയേറ്റ ആഘാതമുണ്ടാകുന്ന സ്ഥലങ്ങൾ തിരഞ്ഞെടുക്കാൻ ഏർപ്പാട് ചെയ്തത്. ഉപ്പുവെള്ളമെത്തുന്ന സ്ഥലങ്ങൾ മുഴുവൻ വേലിയേറ്റ മേഖലയായി പ്രഖ്യാപിച്ചതിനെത്തുടർന്ന്, ദേവികുളങ്ങര, കണ്ടല്ലൂർ, ആറാട്ടുപുഴ, മുതുകുളം, ചിങ്ങോലി, തൃക്കുന്നപ്പുഴ, കാർത്തികപ്പള്ളി പഞ്ചായത്തുകളിലെ കുറെ വാർഡുകൾ തീരദേശസംരക്ഷണ നിയമത്തിലായി. അവിടെയൊന്നും നിർമ്മാണം നടത്താനാവാത്ത അവസ്ഥയായി. പൊഴിതുരന്ന് ഹാർബർ ആയതോടെയാണ് ഈ അവസ്ഥയുണ്ടായത്.

ഹാർബർ പണിതപ്പോൾ കായലിന്റെ അവസ്ഥയെപ്പറ്റി പഠിച്ചിരുന്നോ എന്നു സി.ഇ.എസ്.എസിലുണ്ടായിരുന്ന ഒരു ശാസ്ത്രജ്ഞനോടു ചോദിച്ചപ്പോൾ പറഞ്ഞത്. ' കടലിന്റെ തീരങ്ങളെപ്പറ്റി പഠിച്ച് റിപ്പോർട്ടു നൽകാനേ ആവശ്യപ്പെട്ടിരുന്നുള്ളൂ. 'എന്നാണ്.
ഇത്രയും ഗ്രാമങ്ങൾ കടന്നുപോകുന്ന കടുത്ത പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ഉണ്ടാകേണ്ടതാണ്. ഇതു സംബന്ധിച്ച പല നിർദ്ദേശങ്ങൾ ഉയർന്നുവരുന്നുണ്ട്.
ഹാർബർ നിലനിറുത്തിക്കൊണ്ടു തന്നെ അമിതമായി വെള്ളം കയറാതെ നിയന്ത്രിക്കുക. തോട്ടപ്പള്ളിയിൽ സ്പിൽവേ സ്ഥാപിച്ചിരിക്കുന്നതു പോലെ ഷട്ടറുകൾ സ്ഥാപിക്കാം. വലിയ ബോട്ടുകൾക്ക് പോകാൻ സൗകര്യമുണ്ടാക്കി ഉയർത്താവുന്ന ഷട്ടറുകൾ സ്ഥാപിക്കണം. വേലിയേറ്റ നിയന്ത്രണം വരുന്നതോടെ ഈ പ്രദേശത്തെ തോട്ടപ്പള്ളിക്കു വടക്കുഭാഗത്തെ തീരദേശ സംരക്ഷണ നിയമത്തിൽനിന്നും മാറ്റാനും കഴിയണം. ഈ ദേശത്തെ പല തോടുകളിലേക്കും ജലാശയങ്ങളിലേക്കും വെള്ളം കയറാനാവാത്ത വിധം അടഞ്ഞുപോയതും, കായലിലും കനാലുകളിലും ചെളി അടിഞ്ഞുകൂടിയതും പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. ചെളി മാറ്റാൻ ഇറിഗേഷൻ വകുപ്പ് പദ്ധതി തയ്യാറാക്കുന്നതായി മനസിലാക്കുന്നു.

എന്താണങ്കിലും സമയബന്ധിതമായി പഠനം നടത്തി പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണം.
ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ ഒന്നിച്ചുനിന്ന് വിദഗ്ദരെ ഉൾപ്പെടുത്തി പൊതു ജനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് പരിഹാരം കണ്ടെത്തണം.
സ്ഥലം ജനപ്രതിനിധികളും, തദ്ദേശഭരണ നേതൃത്വവും മുന്നോട്ടു വന്നാൽ വിഷയത്തിന് പരിഹാരമാകും. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ട് ഉചിത തീരുമാനമെടുക്കുമെന്ന് വിശ്വസിക്കാം.


ലേഖകന്റെ ഫോൺ - 9447057788

Advertisement
Advertisement