വെസ്റ്റ് കൊരട്ടിയിൽ അനധികൃത പടക്ക നിർമ്മാണം: നാലുപേർ കസ്റ്റഡിയിൽ

Wednesday 01 February 2023 1:19 AM IST

ചാലക്കുടി: വെസ്റ്റ് കൊരട്ടിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന നൂറ് കിലോയോളം വെടിമരുന്ന് ശേഖരം പൊലീസ് കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് വീട്ടുടമ അടക്കം നാലുപേരെ കസ്റ്റഡിയിലെടുത്തു. കണ്ണമ്പുഴ വർഗ്ഗീസിന്റെ വീടിനോട് ചേർന്നുള്ള മൂന്ന് ഷെഡുകളിൽ പ്രവർത്തിച്ചിരുന്ന പടക്ക നിർമ്മാണമാണ് എസ്.എച്ച്.ഒ ബി.കെ.അരുണിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയാണ് വൻ തോതിൽ പടക്കങ്ങളും കരിമരുന്നും പിടിച്ചെടുത്തത്.

രണ്ടായിരത്തോളം ഗുണ്ടുകൾ, 50,000 ഓലപ്പടക്കം, നിരവധി മാലപ്പടക്കം എന്നിവയും ഷെഡുകളിലുണ്ടായിരുന്നു. പടക്കം നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന സൾഫർ, കാർബൺ, അലൂമിനിയം പൗഡർ എന്നിവയാണ് കണ്ടെടുത്ത വെടിമരുന്ന്. സമീപത്തെ പള്ളിയിലെ പെരുന്നാളിന് വെടിക്കെട്ടിനായി നിർമ്മിച്ചിരുന്ന വെടിക്കോപ്പുകളാണ് പിടികൂടിയത്. വർഷങ്ങൾക്ക് മുമ്പ് അങ്കമാലിയിലെ പടക്ക വിപണന ശാലയിൽ ജോലി ചെയ്തതിന്റെ പരിചയത്തിലാണ് വർഗീസ്, തന്റെ വീട്ടിലെ ഷെഡിൽ പടക്കം നിർമ്മിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ആലുവയിൽ നിന്നാണ് വെടിമരുന്ന് കൊണ്ടുവരുന്നത്. എസ്.ഐമാരായ ഷാജു എടത്താടൻ, എം.വി.സെബി, എസ്.സി.പി.ഒ രഞ്ചിത്ത്, ജിബിൻ വർഗീസ്, പി.എ.അനീഷ്, ഷാജു, ഹോംഗാർഡ് ജോയ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Advertisement
Advertisement